കേന്ദ്ര സർക്കാറിന്റെ ഭാരത് ഗൗരവ് തീവണ്ടികള്‍, വരുംവർഷങ്ങളിൽ റയിൽവേ സമ്പൂർണമായും സ്വകാര്യവല്ക്കരിക്കാനുള്ള പുതിയ മാർഗമാണെന്ന് സൂചന. പാക്കേജിന്റെ പേരിൽ യാത്രക്കാരെ കൊള്ളയടിക്കുന്ന തരത്തിൽ അമിത നിരക്ക് ഈടാക്കാൻ ഓപ്പറേറ്റർമാരെ സഹായിക്കുന്നതാണ് ഭാരത് ഗൗരവ് ട്രെയിന്‍ പദ്ധതി. ഈ തീവണ്ടികള്‍ സമീപഭാവിയിൽ മറ്റ് റൂട്ടുകളിലേക്ക് നീട്ടിയാൽ റയിൽവേയുടെ വരുമാനം കുറയുകയും പൂർണമായും സ്വകാര്യ മേഖലയ്ക്ക് കെെമാറാന്‍ എളുപ്പമാവുകയും ചെയ്യും.
ഭാരത് ഗൗരവ് പദ്ധതിയിൽ രണ്ടു ട്രെയിനുകളാണ് ഓടിത്തുടങ്ങിയത്. ആദ്യ ട്രെയിൻ 14 ന് ഫ്ളാഗ് ഓഫ് ചെയ്തു. തമിഴ്‍നാട്ടിലെ കോയമ്പത്തൂരിൽ നിന്ന് മഹാരാഷ്ട്രയിലെ സായി നഗർ ഷിർദിവരെയാണ് തീവണ്ടിയുടെ ആദ്യ സർവീസ്. തിരുപ്പൂർ, ഈറോഡ്, സേലം, യെലഹങ്ക, ധർമവാരം, വാൽദി എന്നിവിടങ്ങളിലൂടെയാണ് സർവീസ് നടത്തുക. രണ്ടാമത്തെ ടൂറിസ്റ്റ് തീവണ്ടി ന്യൂഡൽഹിയിൽ നിന്ന് ചൊവ്വാഴ്ച യാത്ര ആരംഭിച്ചു. ഇന്ത്യയ്ക്കും നേപ്പാളിനും ഇടയിൽ ഏകദേശം 8,000 കിലോമീറ്ററാണ് സഞ്ചരിക്കുക.
2021 നവംബറിലാണ് ഭാരത് ഗൗരവ് ട്രെയിനിന്റെ പ്രവർത്തനം ഇന്ത്യൻ റയിൽവേ ആരംഭിച്ചത്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും, ചരിത്ര സ്ഥലങ്ങളും ലോകത്തിന് പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും പറഞ്ഞിരുന്നു. 12 സെക്ടറുകളിലെ 101 റൂട്ടുകളിലായി 150 തീവണ്ടികള്‍ സ്വകാര്യവല്ക്കരിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും വരുമാനം പങ്കിടൽ വ്യവസ്ഥയുണ്ടായിരുന്നത് മൂലം നടപ്പായില്ല.
ഇന്ത്യൻ റയിൽവേ കാറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷൻ ഉൾപ്പെടെ രണ്ട് ഏജന്‍സികള്‍ മാത്രമാണ് വരുമാനം പങ്കിടുന്ന പദ്ധതിക്കായി താല്പര്യപത്രം സമർപ്പിച്ചത്. പിന്നീട് സര്‍ക്കാര്‍ വരുമാനം പങ്കിടുക എന്ന നിബന്ധന നീക്കം ചെയ്തു. ഇതോടെയാണ് സ്വകാര്യ കമ്പനികള്‍ താല്പര്യം പ്രകടിപ്പിച്ചത്. താരിഫ്, ഹാൾട്ട്, റൂട്ടുകൾ എന്നിവ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ഓപ്പറേറ്റര്‍മാര്‍ക്കാണ്. ഇതെല്ലാം ഉപയോഗിക്കാനുള്ള അവകാശത്തിനായി റയില്‍വേയ്ക്ക് പണം നല്കിയാല്‍ മാത്രം മതി.
വ്യവസ്ഥകളനുസരിച്ച്, ആവശ്യമായ എയർ കണ്ടീഷൻഡ്, സ്ലീപ്പർ, എസ്എൽആർ കോച്ചുകൾ എന്നിവയുള്ള ഒരു റേക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റായി ഒരു കോടി രൂപ നല്കിയാല്‍ ഓപ്പറേറ്റർക്ക് ലഭിക്കും. മൂന്ന് മാസത്തേക്ക് തീവണ്ടി ഓടിക്കുന്നതിനുള്ള നിശ്ചിത തുകയായി 76 ലക്ഷം രൂപയും നല്കണം. ഈ തുക റയില്‍വേയുടെ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് മാത്രമുള്ളതാണ്. റയിൽവേയ്ക്ക് പൂതിയ വരുമാനം ഇത് നൽകുന്നില്ല. കോയമ്പത്തൂർ‑ഷിർദി ഭാരത് ഗൗരവ് തീവണ്ടിയില്‍ 1,100 ബർത്തുകൾക്കായി റയിൽവേക്ക് 28 ലക്ഷം രൂപ ലഭിച്ചപ്പോള്‍ ഓപ്പറേറ്റർ 44 ലക്ഷം രൂപയാണ് യാത്രാക്കൂലിയായി ഈടാക്കിയത്. പാക്കേജ് അനുസരിച്ച് താമസസൗകര്യം ഒരുക്കുന്നതുള്‍പ്പെടെയുള്ള അധികവരുമാനമായി ഓപ്പറേറ്റർക്ക് ഏകദേശം 25 ലക്ഷം രൂപ ലഭിക്കും. അതായത് ഒരു ട്രിപ്പിന് 41 ലക്ഷം രൂപയാണ് സ്വകാര്യ ഓപ്പറേറ്ററുടെ ലാഭം.
പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ കമ്പനികൾക്ക് നൽകുന്നതിനായി മോഡി സര്‍ക്കാര്‍ നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‍ലെെൻ (എൻഎംപി), നാഷണൽ റയിൽ പ്ലാൻ (എൻആർപി) എന്നിവയുൾപ്പെടെ വ്യത്യസ്ത നയങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. എൻആർപി വഴി, എല്ലാ ചരക്കുവണ്ടികളും ലാഭമുണ്ടാക്കുന്ന യാത്രാവണ്ടികളും സ്വകാര്യവല്ക്കരിക്കാനുള്ള പദ്ധതികളാണ് റെയിൽവേ പ്രഖ്യാപിച്ചത്. തന്ത്രപ്രധാനമായ ചില തീവണ്ടികളും റൂട്ടുകളും മാത്രം പ്രവർത്തിപ്പിക്കാനും ബാക്കി മുഴുവന്‍ സ്വകാര്യമേഖലയ്ക്ക് വില്ക്കാനുമാണ് പദ്ധതി.
english summary; Trains first step in sales: Railways have no new revenue
You may also like this video;