Site iconSite icon Janayugom Online

മഴവില്ല് വിരിയുന്ന കേരളം

transgendertransgender

ട്രാന്‍സ്ജെന്‍ഡര്‍ നയം പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം.പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു വിഭാഗമെന്ന നിലയില്‍ നിന്ന് ട്രാന്‍സ് വ്യക്തികളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന ലിംഗനീതി, ലിംഗസമത്വം, ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള അവകാശം, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം, വികസന കാര്യങ്ങളില്‍ തുല്യപങ്കാളിത്തം എന്നിവയില്‍ ഊന്നിയ ട്രാന്‍സ്ജെന്‍ഡര്‍ നയമാണ് കേരളം മുന്നോട്ട് വയ്ക്കുന്നത്. മഴവില്ല് എന്ന പേരിലാണ് ട്രാന്‍സ് വ്യക്തികളുടെ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യനീതി വകുപ്പ് ഏകോപിപ്പിക്കുന്നത്. ഇതിലൂടെ സാമൂഹിക — സാംസ്കാരിക — സാമ്പത്തിക ഉന്നമനം കൈവരിക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുകയും പിഎസ്‌സി, ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകളിൽ അവർക്ക് പ്രത്യേക ഇടവും ലഭ്യമാക്കി. കെയര്‍ ഹോം/ ഷോര്‍ട്ട് സ്റ്റേ ഹോം, എച്ച്.ഐ.വി സീറോ സര്‍വെയലന്‍സ് സെന്‍റര്‍, ഇക്കണോമിക് എംപവര്‍മെന്‍റ് ഹബ്, ബ്യൂട്ടീഷന്‍ കോഴ്സ്, ഡ്രൈവിങ് പരിശീലനം, ബോധവല്‍കരണ പരിപാടികള്‍, സംരംഭകത്വ വികസന പരിശീലന പരിപാടികള്‍, ഹെല്‍പ് ലൈന്‍, തയ്യല്‍ മെഷീന്‍ വിതരണം, സ്വയം തൊഴില്‍ ധനസഹായം, പ്രൊഫഷണല്‍്് കോഴ്സിനുള്ള ധനസഹായം (സഫലം) എന്നിവ നടപ്പിലാക്കുന്നുണ്ട്. ഹോസ്റ്റല്‍ പദ്ധതി, സ്കോളര്‍ഷിപ്പ് പദ്ധതി, വിവാഹ ധനസഹായ പദ്ധതി, വിദൂര വിദ്യാഭ്യാസ സഹായം പദ്ധതി (വര്‍ണം), കരുതല്‍ പദ്ധതി, സമന്വയ തുടര്‍വിദ്യാഭ്യാസ പദ്ധതി, സാകല്യം പദ്ധതി തുടങ്ങിവയും നടത്തിവരുന്നുണ്ട്.

വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന സ്വയംതൊഴില്‍ വായ്പയും ലിംഗമാറ്റ ശസ്ത്രക്രിയാ ധനസഹായവും എസ്.ആര്‍.എസ് തുടര്‍ചികിത്സാ ധനസഹായവും നല്‍കുന്നുണ്ട്. സോഷ്യോ എക്കണോമിക് സര്‍വേ, അഡ്വക്കസി കാമ്പയിന്‍, ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം തുടങ്ങി നിരവധി പരിപാടികള്‍ സംസ്ഥാന സര്‍ക്കാര്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്‍റെ ഉന്നമനത്തിനായി നടത്തുന്നുണ്ട്. വിവിധ ദൗത്യങ്ങളെ സംയോജിപ്പിച്ച് മഴവില്ല് എന്ന പേരില്‍ സമഗ്രമായിട്ടാണ് പദ്ധതി നടപ്പാക്കിവരുന്നത്.

സാമൂഹ്യ നീതി വകുപ്പ് മുഖേന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നുണ്ട്. 2018 ഒക്ടോബര്‍ മാസം മുതല്‍ ഓണ്‍ലൈനായാണ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടപ്പിലാക്കിയത്. സംസ്ഥാനത്തെ മുഴുവന്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ ഐ.ഡി കാര്‍ഡ് എന്ന് രേഖപ്പെടുത്തി, സ്വയം നിര്‍ണയിക്കുന്ന ജെന്‍ഡറിലാണ് കാര്‍ഡ് നല്‍കുന്നത്.

സ്വന്തം കുടുബങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ട് ഒറ്റപ്പെട്ട് കഴിയുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സ്വയം തൊഴില്‍ ചെയ്ത് ജീവിക്കുന്നതിനായി അവരുടെ അഭിരുചിക്കനുസരിച്ച് തൊഴില്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ് സാകല്യം. ഓരോ ജില്ലയില്‍ നിന്നും 10 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ വീതമാണ് പദ്ധതിക്കായി തെരഞ്ഞെടുക്കുന്നത്. ഓരോ വ്യക്തിയുടെയും അഭിരുചിക്കനുസരിച്ചുള്ള കോഴ്സ് തിരഞ്ഞെടുക്കാവുന്നതാണ്. കോഴ്സുകളില്‍ ചേരുന്നതിനു വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമല്ല.

വിവിധ തൊഴില്‍ മേഖലകളില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായും സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കിയും പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സര്‍വീസ്, ആര്‍.ആര്‍.ബി, യു.ജി.സി/നെറ്റ്/ജെ.ആര്‍.എഫ്, തുടങ്ങിയ മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പരിശീലനത്തിനായുള്ള സാമ്പത്തിക സഹായം യത്നം പദ്ധതിയിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. അപകടങ്ങള്‍, പെട്ടെന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ അടിയന്തര ഘട്ടങ്ങളില്‍ ഉടന്‍ പരിഹാരം കണ്ടെത്തുന്നതിനായാണ് കരുതല്‍ പദ്ധതി ആരംഭിച്ചത്. അടിയന്തര പ്രാഥമിക ശുശ്രൂഷ നല്‍കല്‍, അടിയന്തര ശസ്ത്രക്രിയ, ആംബുലന്‍സ് സേവനം, മെഡിക്കല്‍ പരിശോധന, വസ്ത്രം, ഭക്ഷണം, നിയമ സഹായം തുടങ്ങിയവയ്ക്കായി സാമ്പത്തിക സഹായം പദ്ധതിയിലൂടെ ലഭ്യമാക്കുന്നു.

വിദ്യാഭ്യാസപരമായി വളരെയധികം പിന്നോക്കം നില്‍ക്കുന്ന വിഭാഗമെന്ന നിലയില്‍ കൂടുതല്‍ പരിഗണന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ് നല്‍കിവരുന്നു. പദ്ധതിയിലൂടെ സ്കൂള്‍തലം മുതല്‍ പ്രൊഫഷണല്‍ ഡിഗ്രി തലം വരെയുള്ള ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കുന്നുണ്ട്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1000 രൂപയും പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് 1500 രൂപയും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 2000 രൂപയുമാണ് സ്കോളര്‍ഷിപ് തുക. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ അവരുടെ അഭിരുചിക്കും യോഗ്യതയ്ക്കും അനുസരിച്ചുള്ള തൊഴിലിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ സാമൂഹ്യ നീതി വകുപ്പുമായി ചേര്‍ന്നു കേരള നോളജ് ഇക്കോണമി മിഷന്‍ നടത്തുന്ന പദ്ധതിയാണ് പ്രൈഡ്. വൈജ്ഞാനിക തൊഴിലില്‍ തത്പരരായ പ്ലസ്ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ കണ്ടെത്തി അവര്‍ക്കായി റസിഡന്‍ഷ്യല്‍ പരിശീലനത്തിലൂടെ തൊഴില്‍ ലഭ്യമാക്കും.

Exit mobile version