Site iconSite icon Janayugom Online

പാകിസ്ഥാനില്‍ ട്രാൻസ് ജെൻഡർ മാധ്യമപ്രവർത്തകക്കുനേരെ വധശ്രമം

പാകിസ്ഥാനിലെ ആദ്യ ട്രാൻസ്ജെൻഡർ ജേർണലിസ്റ്റിന് നേരെ വധശ്രമം. ഇസ്ലാമാബാദ് നിവാസിയായ മർവ്വ മാലികിന് നേരെയാണ് വധശ്രമമുണ്ടായത്. ലാഹോറിലെ പട്ടാള ക്യാമ്പിനടുത്തുള്ള ഫാർമസിയിൽ നിന്നും മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ രണ്ട് അക്രമികൾ മർവ്വക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട മർവ്വ പൊലീസിന്റെ സംരക്ഷണത്തിലാണെന്ന് പാകിസ്ഥാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യാബ്ലൂംസ് റിപ്പോർട്ട് ചെയ്തു.

2018ൽ പാകിസ്ഥാൻ സർക്കാർ നടപ്പിലാക്കിയ ട്രാൻസ്ജെൻഡർ അവകാശ സംരക്ഷണ നിയമത്തിൽ തന്റെ കാഴ്ചപ്പാട് തുറന്ന് പറഞ്ഞതിനെ തുടർന്ന് തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് മർവ്വ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഫോണിലൂടെയും മെയിൽ വഴിയും ഭീഷണി സന്ദേശങ്ങൾ തനിക്ക് വരുന്നുണ്ടെന്ന് പറഞ്ഞ അവർ പൊലീസ് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഈ നിയമത്തിനെ എതിർത്ത് കൊണ്ട് കൗൺസിൽ ഓഫ് ഇസ്ലാമിക് ഐഡിയോളജി (സിഐഎ) എന്ന സംഘടനയും രംഗത്ത് വന്നിരുന്നു. നിയമം ഇസ്ലാമിക് ശരീഅത്ത് വ്യവസ്ഥകൾക്ക് എതിരാണെന്നാണ് സംഘം ആവശ്യപ്പെട്ടത്.

നിയമം പാകിസ്ഥാൻ ജനതക്കിടയിൽ സാമൂഹികമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നും നിയമം പുനഃപരിശോധിക്കാൻ പുതിയ കമ്മിറ്റി രൂപീകരിക്കണമെന്നും സിഐഎ പ്രതിനിധികൾ പാക് സർക്കാരിനേട് ആവശ്യപ്പെട്ടിരുന്നു. മാത്രവുമല്ല പുതിയ കമ്മിറ്റിയിൽ സിഐഎ അംഗങ്ങളെയും മത പണ്ഡിതരെയും വിദഗ്ദ ഡോക്ടർമാരെയും ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. കുറച്ചു നാളുകൾക്ക് മുമ്പ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിനിടെ പാകിസ്ഥാനിലെ ട്രാൻസ് കമ്മ്യൂണിറ്റി അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും ജനങ്ങൾക്കിടയിൽ നിന്നും നേരിടേണ്ടി വരുന്ന അക്രമത്തെക്കുറിച്ചും അവർ തുറന്ന് പറഞ്ഞിരുന്നു.

‘ഫാഷൻ മേഖലയിലും മീഡിയാ ഇൻഡസ്ട്രികളിലും ട്രാൻസ് കമ്മ്യൂണിറ്റിക്ക് ജോലിയെടുക്കാമെങ്കിൽ എന്ത് കൊണ്ടാണ് മറ്റു തൊഴിലിടങ്ങളിൽ അവരെ ഉൾപ്പെടുത്താൻ സമൂഹം തയ്യാറാവുന്നില്ല. ഈ അവസ്ഥ മാറേണ്ടതുണ്ട്. ഞാൻ എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയ സമയത്ത് എന്റെ വീട്ടുകാർ തന്നെ എന്നെ തള്ളിപ്പറഞ്ഞു. വീട്ടിൽ നിന്നും പുറത്താക്കപ്പെടുമ്പോൾ തെരുവിൽ ഭിക്ഷയെടുക്കാനല്ലാതെ ഞങ്ങൾക്ക് വേറെ നിർവാഹമില്ല’, മർവ്വ അഭിമുഖത്തിനിടെ പറഞ്ഞു.

മീഡിയ ജേർണലിസത്തിൽ ബിരുദം നേടിയ മർവ്വ മേക്കപ്പ് ആർട്ടിസ്റ്റായാണ് മര്‍വ്വ കരിയർ ആരംഭിക്കുന്നത്. പിന്നീട് ഒരു സ്വകാര്യ ചാനലിൽ അവതാരികയായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

Eng­lish Sam­mury: Pak­istan’s first trans­gen­der news anchor escapes gun attack

Exit mobile version