Site iconSite icon Janayugom Online

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്: 60 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി

കോഴിക്കോട് സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷനായി 60 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പ്രൊഫസര്‍— 14, അസോസിയേറ്റ് പ്രൊഫസര്‍ ‑7, അസിസ്റ്റന്റ് പ്രൊഫസര്‍ — 39 എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒന്നാംഘട്ട നിര്‍മാണം ഉടന്‍ തന്നെ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലായിരിക്കും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ പ്രവര്‍ത്തിക്കുക.

കിഡ്‌നി ട്രാന്‍സ്പ്ലാന്റ് സര്‍ജറി, ട്രാന്‍സ്പ്ലാന്റ് നെഫ്രോളജി, ട്രാന്‍സ്പ്ലാന്റ് ഹെപ്പറ്റോളജി, ട്രാന്‍സ്പ്ലാന്റ് എന്‍ഡോക്രൈനോളജി, ഹാര്‍ട്ട് & ലങ് ട്രാന്‍സ്പ്ലാന്റേഷന്‍ സര്‍ജറി, ട്രാന്‍സ്പ്ലാന്റ് കാര്‍ഡിയോളജി & പള്‍മണോളജി സര്‍ജറി, സോഫ്റ്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റേഷന്‍, കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍, ട്രാന്‍സ്പ്ലാന്റ് അനസ്‌തേഷ്യോളജി, സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഹെമറ്റോളജി, ട്രാന്‍സ്പ്ലാന്റ് ഇമ്മ്യൂണോളജി, ട്രാന്‍സ്പ്ലാന്റ് ബയോളജി, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ & ഇമ്മ്യൂണോ ഹെമറ്റോളജി, റേഡിയോ ഡയഗ്നോസിസ്, പത്തോളജി, മൈക്രോബയോളജി, ട്രാന്‍സ്പ്ലാന്റേഷന്‍ റിസര്‍ച്ച്, പബ്ലിക് ഹെല്‍ത്ത് എപ്പിഡെമിയോളജി, നഴ്‌സിംഗ് വിദ്യാഭ്യാസം, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഭാഗങ്ങളിലാണ് തസ്തിക സൃഷ്ടിച്ചത്.

ഇന്‍സ്റ്റിറ്റ്യൂട്ടിനായി 643.88 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഉള്‍പ്പെടെ സജ്ജമാക്കിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യമാക്കുന്നത്. വിദഗ്ധ പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന പ്രത്യേക സ്ഥാപനമായിരിക്കുമിത്. ഗവേഷണ, ചികിത്സാ, പരിശീലന മികവിന്റെ കേന്ദ്രം കൂടിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

Exit mobile version