Site icon Janayugom Online

രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് യാത്രാ ഇളവ്

travel in india

കോവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് യാത്രകൾക്ക് ഇളവ് നൽകാമെന്ന് കേന്ദ്രസർക്കാർ. രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കണമെന്നാണ് കേന്ദ്ര ടൂറിസം മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത്തരക്കാര്‍ക്ക് നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ആർടിപിസിആർ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ഇതര സംസ്ഥാനക്കാരെ പ്രവേശിക്കാൻ അനുവദിക്കൂ എന്നാണ് പല സംസ്ഥാനങ്ങളുടെയും നിലപാട്. വാക്സിൻ എടുത്തവരും പണം മുടക്കി ആർടിപിസിആർ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കണമെന്ന് നേരത്തെ ലോക്‌സഭയില്‍ കേന്ദ്ര ടൂറിസം മന്ത്രി കിഷന്‍ റെഡ്ഡി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യം രേഖാമൂലം ചൂണ്ടിക്കാട്ടി കേന്ദ്ര ടൂറിസം മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. അന്തര്‍ സംസ്ഥാന യാത്രാ മാനദണ്ഡത്തില്‍ സംസ്ഥാനങ്ങള്‍ ഏകീകൃത പ്രോട്ടോക്കോള്‍ പാലിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.

നിലവിൽ സിക്കിമിലും മഹാരാഷ്ട്രയിലും മാത്രമാണ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കുന്നത്. പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നെഗറ്റീവ് ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണ്. ഇത്തരം നിബന്ധനകള്‍ വിനോദ സഞ്ചാര മേഖലയെ ബാധിക്കുന്നുവെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനോട് പരാതിപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: Trav­el dis­count for those tak­ing two dos­es of vaccine

You may like this video also

Exit mobile version