Site iconSite icon Janayugom Online

യാത്രകൾ ഇനി സ്മാർട്ട്; കെഎസ്ആർടിസി ട്രാവൽ കാർഡിന് വൻ ഡിമാന്റ്

യാത്രക്കാരുടെ ചില്ലറ പ്രശ്നം പരിഹരിക്കാൻ കെഎസ്ആർടിസി പുറത്തിറക്കിയ ട്രാവൽ കാർഡിന് വൻ ഡിമാന്റ്. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുക,യാത്രക്കാർക്ക് ടിക്കറ്റ് വേഗത്തിൽ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കെഎസ്ആർടിസി ട്രാവൽ കാർഡ് പുറത്തിറക്കിയത്. ഇതിനോടകം തന്നെ തിരുവനന്തപുരം,കൊല്ലം,എറണാകുളം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളിൽ ട്രാവൽ കാർഡിന് ആവശ്യക്കാരേറിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ട്രാവൽ കാർഡ് ഉടനെ ലഭ്യമാക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ആർഎഫ്ഐഡി സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയതാണ് കെഎസ്ആർടിസിയുടെ ട്രാവൽ കാർഡ്. കൂടുതൽ ജില്ലകളിലേക്ക് ട്രാവൽ കാർഡുകൾ ലഭ്യമാക്കുന്നതോടെ യാത്രക്കാരുടെയും കണ്ടക്ടറുടെയും ചില്ലറ പ്രശ്നത്തിന് അന്ത്യമാകും. കെഎസ്ആർടിസി ബസുകളിൽ കണ്ടക്ടറുടെ പക്കൽ നിന്നോ കാർഡ് ലഭ്യമാക്കിയിട്ടുള്ള വിവിധ ജില്ലകളിലെ ഡിപ്പോകളിൽ നിന്നോ ട്രാവൽ കാർഡുകൾ യാത്രക്കാർക്ക് സ്വന്തമാക്കാം. ഒരു കാർഡിന് 100 രൂപയാണ് നിരക്ക്. കാർഡ് കണ്ടക്ടർ തന്നെ യാത്രക്കാർക്ക് ആക്ടിവേറ്റ് ചെയ്ത് നൽകും. 

ഈ കാർഡുകൾ നിശ്ചിത തുകയ്ക്ക് റീചാർജ് ചെയ്താലെ യാത്രകൾക്ക് വേണ്ടി ഉപയോഗിക്കാനാകൂ. 50 രൂപ മുതൽ 3000 രൂപയ്ക്ക് വരെ കാർഡ് റീചാർജ് ചെയ്യാനാകും. ട്രാവൽ കാർഡ് കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ മറ്റാർക്കായാലും കൈമാറുന്നതിനും ഉപയോഗിക്കുന്നതിനും തടസ്സമില്ലെന്നതാണ് മറ്റൊരു പ്രത്യേകത. കാർ‍ഡ് നഷ്ടപ്പെടുകയോ പ്രവർത്തിക്കാതെയാവുകയോ ചെയ്താൽ അടുത്തുള്ള ഡിപ്പോയിൽ പേരും,വിലാസവും,ഫോൺ നമ്പരും നൽകി അപേക്ഷ സമർപ്പിച്ചാൽ മതി. നിശ്ചിതകാലത്തേക്ക് കാര്‍ഡ് റീചാര്‍ജിന് ഓഫറുകളുമുണ്ട്. 1000 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 40 രൂപ അധികവും 2000 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 100 രൂപ അധികമായും ക്രെഡിറ്റ് ചെയ്യപ്പെടും. കാര്‍ഡിലെ തുകയ്ക്ക് ഒരു വര്‍ഷം വരെ വാലിഡിറ്റിയുണ്ട്. ഒരു വര്‍ഷത്തിലധികം കാര്‍ഡ് ഉപയോഗിക്കാതിരുന്നാല്‍ മാത്രമേ കാർഡ് ഡീ ആക്ടിവേറ്റാകു. കണ്ടക്‌ടർക്കും മാർക്കറ്റിങ് എക്‌സിക്യൂട്ടീവുമാർക്കും ഒരു കാർഡിന് 10 രൂപ കെഎസ്ആർടിസി കമ്മീഷൻ നൽകുന്നുണ്ട്. ആദ്യഘട്ടം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നടപ്പാക്കിയ പദ്ധതി എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക്‌ വ്യാപിപ്പിക്കുകയായിരുന്നു

Exit mobile version