Site icon Janayugom Online

ആദിവാസി ജനത ജീവിതദുരിതത്തിൽ

ഇന്ത്യയിലെ ആദിവാസി ജനതയുടെ ജീവിത നിലവാരം വളരെ താഴ്ന്ന നിലയിൽ തുടരുന്നുവെന്ന് പഠനം. പ്രൊഫഷണൽ അസിസ്റ്റൻസ് ഫോർ ഡെവലപ്മെന്റ് ആക്ഷൻ പ്രസിദ്ധീകരിച്ച 2021 ലെ സ്റ്റാറ്റസ് ഓഫ് ആദിവാസി ലെെവ്‍ലിഹുഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഝാർഖണ്ഡും ഒഡിഷയും കേന്ദ്രീകരിച്ചായിരുന്നു ആദിവാസികളുടെ ജീവിതനിലവാരം മനസിലാക്കാനുള്ള പഠനം.

രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 8.6 ശതമാനം പട്ടികവർഗക്കാരാണ്. അവരിൽ ഭൂരിഭാഗവും വനമേഖലയിലെ ഗോത്രവിഭാഗങ്ങളും. ആദിവാസി സമൂഹങ്ങൾ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങളെയും അവരുടെ സ്വത്വത്തെയും പരിപാലിക്കുന്നതിനും അവരെ വികസന പ്രക്രിയയിൽ സംയോജിപ്പിക്കുന്നതിനും ഭരണഘടനയുടെ ആർട്ടിക്കിൾ 244 നിർദേശിക്കുന്നു. അതിനായി സംസ്ഥാനങ്ങൾക്ക് സാമ്പത്തിക വിഹിതം നൽകുന്നതിന് ആർട്ടിക്കിൾ 275 ൽ വ്യക്തമായ വ്യവസ്ഥകളുമുണ്ട്. ഈ ആർട്ടിക്കിൾ പ്രകാരം ധനസഹായം നൽകുന്ന കേന്ദ്ര പിന്തുണയുള്ള ട്രൈബൽ സബ് പ്ലാനുകൾക്ക് പുറമെ ഗോത്രവർഗക്കാരുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പരിപാടികൾ പല സംസ്ഥാനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. എങ്കിലും അവ വളരെ ചുരുങ്ങിയ ഫലമേ ഉണ്ടാക്കിയിട്ടുള്ളു എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ഝാർഖണ്ഡിൽ 82 ശതമാനം ആദിവാസി കുടുംബത്തലവന്മാരും മെട്രിക്കുലേഷൻ വരെ പോലും വിദ്യാഭ്യാസമില്ലാത്തവരാണ്. ഒഡിഷയിൽ ഇത് 87 ശതമാനമാണ്. ഝാർഖണ്ഡിലെ ആദിവാസി പുരുഷന്മാരുടെ സാക്ഷരത 12 ഉം ആദിവാസി ഇതരരിൽ 18 ശതമാനവുമാണ്. ഝാർഖണ്ഡിലെ ആദിവാസി കുടുംബങ്ങളിൽ 45 ശതമാനം പുരുഷന്മാരും 63 ശതമാനം സ്ത്രീകളും വായിക്കാനും എഴുതാനും അറിയാത്തവരാണ്. ഒഡിഷയിൽ 55 ശതമാനം പുരുഷന്മാർക്കും 75 ശതമാനം സ്ത്രീകൾക്കും വായിക്കാനോ എഴുതാനോ അറിയില്ല. ഝാർഖണ്ഡിലെ ആദിവാസി കുടുംബങ്ങളുടെ പ്രതിവർഷ വരുമാനം 75,000 രൂപയും ഒഡിഷയിൽ 61,000 രൂപയുമാണ്.

പൊതുസേവനം, വിദ്യാഭ്യാസം, ഭൂവുടമസ്ഥത, വാർഷികവരുമാനം, ഭക്ഷ്യസുരക്ഷ, കുട്ടികളുടെ പോഷകാഹാരനില എന്നിവയിൽ ആദിവാസികളുടെ അവസ്ഥ പരിതാപകരമാണെന്ന് റിപ്പോർട്ട് കാണിക്കുന്നു. കൊളോണിയൽ കാലഘട്ടം മുതൽക്ക് തന്നെ അനുഭവിച്ചു വന്ന വിവേചനങ്ങൾ ഇന്നും തുടരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷ ഫലവത്തായില്ല.

 

ഭൂമി കവര്‍ന്നെടുക്കപ്പെടുന്നു

പരമ്പരാഗതമായി വനമേഖലയിൽ താമസിക്കുന്നവരാണ് ആദിവാസികൾ. അതുകൊണ്ടുതന്നെ കുടിയൊഴിപ്പിക്കലാണ് അവർ നേരിടുന്ന പ്രധാന പ്രശ്നം. രണ്ട് രീതിയിലാണ് ഭരണകൂടം, ആദിവാസികളുടെ ഭൂമി കവർന്നെടുക്കുന്നത്. വികസനത്തിന്റെ പേരിലും, മറ്റൊന്ന് വന-വന്യമൃഗ സംരക്ഷണത്തിന്റെ പേരിലും. സർക്കാർ നയങ്ങളുടെ ഫലമായി ജനിച്ച ഭൂമിയിൽ നിന്ന് പുറത്താക്കപ്പെട്ടവരിൽ 40 ശതമാനവും ആദിവാസികളാണെന്ന് സാമൂഹിക ശാസ്ത്രജ്ഞനായ വാൾട്ടർ ഫെർണാണ്ടസ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനയുടെ 5,6 ഷെഡ്യൂളുകളിൽ ആദിവാസികൾ ഭൂരിപക്ഷമുള്ള ജില്ലകളിൽ വലിയ അളവിൽ സ്വയംഭരണം അനുവദിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ ഇന്നും അത് ഫലവത്തായി നടപ്പാക്കപ്പെട്ടിട്ടില്ല.

 

Eng­lish Sum­ma­ry: Trib­al peo­ple in distress

You may like this video also

Exit mobile version