Site iconSite icon Janayugom Online

മയക്കുമരുന്ന് ലോബിക്ക് പിറകേ വ്യാജവാറ്റ് സംഘങ്ങൾ പലായനത്തിന്റെ വക്കിൽ വിതുരയിലെ ആദിവാസികൾ

tribalstribals

പട്ടികവർഗ മേഖലകളിൽ നടമാടുന്ന ലഹരി മാഫിയയെ തളയ്ക്കാൻ സർക്കാർ സംവിധാനങ്ങളും തദ്ദേശ സ്ഥാപനങ്ങളും നിയമപാലകരും തലപുകയ്ക്കുന്നതിനിടെ, വ്യാജമദ്യ ലോബിയുടെ ആക്രമണവും ഭീഷണിയും ഭയന്ന് ജനിച്ചു വളർന്ന ഊരും വീടും ഉപേക്ഷിച്ച് പലായനത്തിന്റെ വക്കിലാണ് ആദിവാസി കുടുംബങ്ങൾ. കഞ്ചാവിനും മയക്കുമരുന്നിനും ഇരകളാക്കി ചൂഷണം ചെയ്തതിൽ മനംനൊന്ത് ജീവനൊടുക്കിയ പെൺകുട്ടികളുടെ കുടുംബങ്ങൾ ആദിവാസി ഊരുകളിൽ നിന്നും നാട്ടിൻ പുറങ്ങളിലേക്ക് പറിച്ചു നടപ്പെടുന്നതിനിടെയാണ് പുതിയ വെല്ലുവിളി ഉയർത്തി വ്യാജവാറ്റ് സംഘങ്ങൾ ചുവടുറപ്പിക്കുന്നത്.

ആദിവാസി വിഭാഗത്തിലെ ചില പ്രമാണിമാരെ കൂട്ടുപിടിച്ച് പുറത്ത് നിന്നുള്ള സംഘങ്ങളാണ് വാണിജ്യാടിസ്ഥാനത്തിൽ വ്യാജവാറ്റ് ഉഷാറാക്കിയിട്ടുള്ളത്. ജില്ലയിൽ ആദിവാസി വിഭാഗങ്ങൾ ഭൂരിഭാഗമുള്ള പെരിങ്ങമ്മല, വിതുര, കുറ്റിച്ചൽ, ആര്യനാട്, അമ്പൂരി, പാങ്ങോട്, നന്ദിയോട് പഞ്ചായത്തുകളിൽ ഡസൻ കണക്കിന് കേസുകൾ അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പെരിങ്ങമ്മല — വിതുര പഞ്ചായത്തുകളുടെ അതിർത്തി ഗ്രാമമായ ഇലഞ്ചിയത്ത് വ്യാജചാരായ വാറ്റും കടത്തും എതിർത്തതിന് കൊടിയ മർദ്ദനത്തിന് ഇരകളായ ആദിവാസി ദമ്പതികൾ ഭീഷണിയെ തുടർന്ന് പ്ലസ്‌ടു വിദ്യാർത്ഥികളായ മക്കളുമായി പലായനത്തിനൊരുങ്ങുന്നതാണ് ഒടുവിലത്തെ സംഭവം.

ഇലഞ്ചിയം പള്ളിപ്പുര കരിക്കകം കിഴക്കുംകര കുന്നിൻ പുറത്ത് വീട്ടിൽ ദമ്പതികളായ സുരേഷ്‌കുമാറും(38) ഭാര്യ മഞ്ജുവുമാണ്(36) കാടിറങ്ങുന്നത്. വിതുര പഞ്ചായത്തിലെ മണലി വാർഡിൽ സ്ഥിരതാമസക്കാരാണ് ഇവർ. വ്യാജചാരായ സംഘങ്ങളുടെ ഭീഷണി ഭയന്ന് രാത്രികളിൽ സ്വന്തം വീട്ടിൽ നിന്ന് മാറി പരിചയക്കാരുടെ വീടുകളിലാണ് അന്തിയുറങ്ങുന്നത്.

കഴിഞ്ഞ മാസം 26ന് രാത്രി എട്ടരയോടെ വീടിന് സമീപം പുരയിടത്തിലെ കളകൾ കത്തിക്കുന്ന പണിയിൽ ഏർപ്പെട്ടിരിക്കെ കന്നാസ് നിറയെ വാറ്റുചാരായവുമായി അതുവഴി വന്ന രണ്ടംഗ സംഘം സുരേഷിനെയും മഞ്ജുവിനെയും ക്രൂരമായി തല്ലിച്ചതച്ചു. നെഞ്ചിലും മുഖത്തും മർമ്മ ഭാഗങ്ങളിലും മർദ്ദനമേറ്റ് ബോധരഹിതനായ സുരേഷിനെയും തലമുടി ചുറ്റിപ്പിടിച്ചുള്ള മർദ്ദനത്തിൽ അവശയായി നിലത്തുവീണ മഞ്ജുവിനെയും തക്ക സമയത്ത് സഹോദരി എത്തിയതുകൊണ്ടാണ് രക്ഷിക്കാനായത്. അക്രമികൾ ചാരായവുമായി ബൈക്കിൽ രക്ഷപ്പെട്ടു. സഹോദരി പരിചയക്കാരുടെ സഹായത്തോടെയാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സമീപവാസിയായ റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്റെ വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റി കടത്തുന്നുവെന്ന പരാതി എക്സൈസ് ഓഫീസിൽ അറിയിച്ചതിന്റെ പ്രതികാരമാണ് ഇരുളിന്റെ മറവിൽ നടന്ന മർദ്ദനമെന്ന് ഇരുവരും പാലോട് പൊലീസിൽ മൊഴി നല്‍കിയിട്ടുണ്ട്. രണ്ടു വർഷം മുമ്പ് ഇവർ നൽകിയ സൂചനയനുസരിച്ച് എക്സൈസ് സംഘം നടത്തിയ തിരച്ചിലിൽ റിട്ട. ഉദ്യോഗസ്ഥൻ വ്യാജ ചാരായവുമായി പിടിയിലായിരുന്നു.

ഇതേ തുടർന്നാണ് ദമ്പതികൾ അടിക്കടി ഭീഷണിയുടെ നിഴലിലായത്. വീട് കയറി ആക്രമിക്കുമെന്നും അതിന് മുമ്പ് കുടുംബത്തോടെ സ്ഥലം വിടണമെന്നുമാണ് അക്രമികൾ നൽകിയിട്ടുള്ള മുന്നറിയിപ്പ്. ആദിവാസി ഊരിന് വെളിയിൽ നിന്ന് എത്തുന്നവരാണ് ചാരായം കടത്തുന്നതെന്നും തങ്ങളെ മർദ്ദിച്ചവർ മാസ്ക് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമല്ലെന്നും ദമ്പതികൾ പറഞ്ഞു. പാലോട് പൊലീസ് സ്ഥലം സന്ദർശിച്ച് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഇതിനു തൊട്ടുപിന്നാലെ സമാനമായ പരാതികൾ നന്ദിയോട് പഞ്ചായത്തിലും ഉയർന്നിട്ടുണ്ട്.

കഞ്ചാവ് മയക്കുമരുന്ന് ലോബിയുടെ ചൂഷണത്തിൽ മനംനൊന്ത് അഞ്ച് പെൺകുട്ടികളാണ് ആദിവാസി മേഖലയിൽ ജീവനൊടുക്കിയത്. ഈ കേസുകളിൽ ആരോപണ വിധേയരായ പ്രതികളിൽ പലരും പുറത്ത് വിലസുമ്പോഴാണ് വ്യാജവാറ്റു സംഘത്തിന്റെ ഭീഷണി ഭയന്ന് കാടിന്റെ മക്കൾ ഊരുകളിൽ നിന്ന് പലായനം ചെയ്യുന്ന പുതിയ സാഹചര്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലഹരി സംഘങ്ങളെ അമർച്ച ചെയ്ത് ആദിവാസി ഊരുകളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ വീടുകൾ സന്ദർശിച്ചിരുന്നു. ഇതേതുടർന്ന് പൊലീസ്, എക്സൈസ് വിഭാഗങ്ങളും ജില്ലാ പഞ്ചായത്തും പട്ടികവിഭാഗ ക്ഷേമ ഉദ്യോഗസ്ഥരും ശക്തമായ നടപടികളുമായി രംഗത്ത് വന്നത് ലഹരി കടത്ത് സംഘങ്ങളെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.ഈ തക്കം മുതലാക്കി ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് വ്യാജചാരായ വാറ്റ് കൊഴുപ്പിക്കാനാണ് ഗൂഢനീക്കം. ട്രൈബൽ മേഖലയിലെ ചൂഷണങ്ങൾ അവസാനിപ്പിക്കാനും ആദിവാസി കുടുംബങ്ങളെ സംരക്ഷിക്കാനും കൂട്ടായ നടപടി അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കണമെന്നും വ്യാജവാറ്റ് ലോബിയെ തളയ്ക്കണമെന്നും സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എംഎസ് റഷീദ് ആവശ്യപ്പെട്ടു.

 

Eng­lish Sum­ma­ry: Trib­als in Vithu­ra on the verge of flee­ing fake VAT gangs behind drug lobby

 

You may like this video also

Exit mobile version