Site iconSite icon Janayugom Online

രക്തതാരകങ്ങൾക്ക് ആയിരങ്ങളുടെ ശ്രദ്ധാഞ്ജലി

CPICPI

ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി ഒരു നാടാകെ നടത്തിയ പോരാട്ടത്തിൽ പിടഞ്ഞുവീണ് മരിച്ച സമരനായകരുടെ ഓർമ്മകളില്‍ പുന്നപ്രയിലും വലിയചുടുകാട്ടിലും രണസ്മരണകളിരമ്പി. സമരസേനാനികൾ വെടിയേറ്റ് വീണ പുന്നപ്രയിലും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടിലും ആയിരങ്ങൾ പോരാട്ട പ്രതിജ്ഞ പുതുക്കി.
സർ സി പി യുടെ കിരാതവാഴ്ചയ്ക്കും അമേരിക്കൻ മോഡലിനുമെതിരെ പോർനിലങ്ങളിൽ പൊരുതി മുന്നേറിയവരുടെ സ്മരണകൾ കാലത്തിനും മായ്ക്കാനാവില്ലെന്ന് തെളിയിക്കുന്നതായിരുന്നു അവിടെ എത്തിയ ജനസഞ്ചയം. ഇന്ത്യൻ സ്വാതന്ത്യ്രസമര ചരിത്രത്തിൽ പുത്തൻ അധ്യായങ്ങൾ എഴുതി ചേർത്ത പുന്നപ്ര സമരത്തിന്റെ 76 -ാം വാർഷിക വാരാചരണത്തിന് ഇതോടെ സമാപനമായി.
കൊല്ലവർഷം 1122 തുലാം ഏഴിനാണ് ദിവാന്റെ പട്ടാളത്തിന്റെ വെടിയേറ്റ് പോരാളികൾ പിടഞ്ഞുവീണ് മരിച്ചത്. വിവിധ വാർഡ് വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തിൽ രാവിലെ മുതൽ ചെറു ജാഥകൾ സമരഭൂമിയിലേയ്ക്ക് ഒഴുകിയെത്തി. നടന്ന പുഷ്പാർച്ചനയ്ക്ക് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ നേതാവ് മുല്ലക്കര രത്നാകരൻ, ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസർ തുടങ്ങിയവർ നേതൃത്വം നൽകി.
പുന്നപ്ര സമരഭൂമിയിൽ നടന്ന പൊതുസമ്മേളനം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. മുല്ലക്കര രത്നാകരൻ, ആർ നാസർ, ടി ജെ ആഞ്ചലോസ്, എച്ച് സലാം എം എൽ എ, പി വി സത്യനേശൻ, വി മോഹൻദാസ് എന്നിവർ പങ്കെടുത്തു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയൻ അധ്യക്ഷനായി.
പുന്നപ്രയിലെ രണധീരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടിലും പുതുതലമുറ പോരാട്ട പ്രതിജ്ഞ പുതുക്കി. ഇവിടെ നടന്ന അനുസ്മരണ സമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. സെക്രട്ടറി ആർ സുരേഷ് സ്വാഗതം പറഞ്ഞു. മുൻ മന്ത്രി ജി സുധാകരൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. 

Eng­lish Sum­ma­ry: Trib­ute of thou­sands to blood sacrificers

You may like this video also

Exit mobile version