സ്വത്ത് കാണിക്കാനെന്ന വ്യാജേന ഭാര്യയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ 64 വയസ്സുകാരൻ അറസ്റ്റിൽ. അനന്തിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സർക്കാർ സ്കൂളിലെ കായിക അധ്യാപികയായിരുന്ന 55കാരി ഗായത്രിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. മിറ്റിഗനഹള്ളിയിൽ പുതിയ സ്വത്ത് വാങ്ങാൻ പോവുകയാണെന്നും അത് കാണാൻ കൂടെ വരണമെന്നും ആവശ്യപ്പെട്ടാണ് അനന്ത് ഭാര്യയെ കൂടെക്കൂട്ടിയത്. അവിടെ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന് സമീപം എത്തിയപ്പോൾ അനന്ത് ഗായത്രിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇതൊരു റോഡപകടമാണെന്ന് വരുത്തിത്തീർക്കാൻ പ്രതി ബോധപൂർവ്വം ശ്രമം നടത്തി.
കൃത്യത്തിന് ശേഷം അനന്ത് തന്നെ പൊലീസ് ഹെൽപ്പ്‌ലൈനിൽ വിളിച്ച് ഭാര്യയെ അജ്ഞാത വാഹനം ഇടിച്ചതാണെന്ന് ട്രാഫിക് പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഗായത്രിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ മാരകമായ പരിക്ക് അപകടം മൂലമുണ്ടായതല്ലെന്ന് വ്യക്തമായി. പൊലീസ് അനന്തിനെ വിശദമായി ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലി ദമ്പതിമാർക്കിടയിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നതായാണ് സൂചന. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

