സംസ്ഥാനത്തെ യാത്രാ ദുരിതത്തിന് പരിഹാരം കാണുന്നതിനുള്ള യത്നത്തിന്റെ ഭാഗമായി റയില്‍ മേല്‍പ്പാലങ്ങളുടെ/അടിപ്പാലങ്ങളുടെ നിര്‍മ്മാണത്തിനായി ത്രികക്ഷി കരാര്‍ ഒപ്പിടുന്നതിന് മന്ത്രിസഭാ തീരുമാനം.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും റയില്‍വേ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും തമ്മിലാണ് ധാരണ ഒപ്പിടുക. സംസ്ഥാനത്തെ ദേശീയ — സംസ്ഥാന പാതകളെ മുറിച്ചുപോകുന്ന തീവണ്ടിപ്പാതകള്‍ യാത്രാദുരിതത്തിന് മറ്റൊരു കാരണമാകുന്നുവെന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കരാറിന് സര്‍ക്കാര്‍ തയാറാകുന്നത്.
സംസ്ഥാനത്ത് 428 ലെവല്‍ ക്രോസുകളാണുള്ളത്. അതില്‍ 143 എണ്ണത്തിലാണ് ഗതാഗതം കൂടുതൽ. ലെവല്‍ ക്രോസുകളുടെ എണ്ണം കുറച്ച് ഓവര്‍ ബ്രിഡ്ജുകളും അണ്ടര്‍ ബ്രിഡ്ജുകളും നിര്‍മ്മിക്കുന്നതിനാണ് ധാരണാപത്രം. ഇതിന്റെ ഭാഗമായി ഏറ്റെടുക്കേണ്ട മേല്‍പ്പാലങ്ങളുടെയും അടിപ്പാലങ്ങളുടെയും ലിസ്റ്റ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കും. ധാരണാപത്രം ഒപ്പിട്ട് ഒരു മാസത്തിനകം പട്ടിക കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കൈമാറുന്നതിനാണ് തീരുമാനം.
തൊടുപുഴ അറക്കളം വില്ലേജില്‍ ഐക്യമലയരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജന്‍സിയായ മലയരയ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് കീഴില്‍ 2021–2022 അധ്യയന വര്‍ഷം പുതിയ എയ്ഡഡ് കോളജ് തുടങ്ങുന്നതിന് അനുമതി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
മത്സ്യഫെഡില്‍ ഒരു ഡെപ്യൂട്ടി മാനേജര്‍ (ഐടി)തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റ് മാനേജര്‍ (ഐടി)യെ നിയമിക്കുന്നതിനും അനുമതി നല്‍കി. സംസ്ഥാന ഭക്ഷ്യ കമ്മിഷനില്‍ പൊതുവിഭാഗത്തില്‍ നിലവിലുള്ള അംഗത്തിന്റെ ഒഴിവിലേക്ക് സബിദ ബീഗത്തെ നിയമിച്ചു.
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ജീവനക്കാര്‍ക്ക് 10-ാം ശമ്പള പരിഷ്ക്കരണം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒമ്പതാം ശമ്പള പരിഷ്ക്കരണം അനുവദിച്ച നടപടി സാധൂകരിക്കും. സ്പൈനല്‍ മസ്കുലര്‍ അട്രോഫി രോഗം ബാധിച്ച് ചികിത്സയിലായ പ്രീതു ജയപ്രകാശിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
english summary; Tripartite agreement for construction of railway overbridge in the state
you may also like this video;