Site iconSite icon Janayugom Online

വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ഇവിഎമ്മുകൾ നിറച്ച ട്രക്കുകള്‍; സസാറാമിൽ ‘വോട്ട് മോഷണം’

ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ, റോഹ്താസ് ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥർ രഹസ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎമ്മുകൾ) ഒരു വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി ആരോപണം. എന്ന് ആരോപിച്ച് വ്യാഴാഴ്ച രാഷ്ട്രീയ ജനതാദൾ (ആർജെഡി) വീണ്ടും ഒരു ആരോപണം ഉന്നയിച്ചു. തകിയ മാർക്കറ്റ് കമ്മിറ്റി പരിസരത്ത് സസാറാം നിയമസഭാ മണ്ഡലത്തിലെ വജ്ര ഗൃഹ വോട്ടെണ്ണൽ കേന്ദ്രത്തിലേയ്ക്കാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ കൂട്ടമായി എത്തിച്ചത്. തിരിമറിയില്‍ പ്രതിഷേധിച്ച് ആര്‍ജെഡി-ഇന്ത്യാ സഖ്യം പാർട്ടി പ്രവർത്തകരും അനുയായികളും വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുകയാണ്. 

ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് ബിഹാർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിനോദ് സിംഗ് ഗുഞ്ചിയോടും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനോടും (ഇസിഐ) ആർജെഡി ആവശ്യപ്പെട്ടു. കൗണ്ടിംഗ് കേന്ദ്രത്തിന്റെ പൂർണ്ണമായ സിസിടിവി ദൃശ്യങ്ങൾ ഉടൻ പുറത്തുവിടണം. “സസാറമിലെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ജില്ലാ ഭരണകൂടം മുൻകൂർ അറിയിപ്പില്ലാതെ അതീവരഹസ്യമായി ഇവിഎമ്മുകൾ നിറച്ച ഒരു ട്രക്ക് എന്തിനാണ് പ്രവേശിപ്പിച്ചത്? ട്രക്ക് ഡ്രൈവർമാരെ ഒളിച്ചു പറഞ്ഞയച്ചത് എന്തുകൊണ്ടാണ്? ഉച്ചയ്ക്ക് 2 മണി മുതൽ ഇവിടുത്തെ സിസിടിവി ക്യാമറ ഓഫ് ചെയ്തത് എന്തിനാണ്? മുഴുവൻ ദൃശ്യങ്ങളും പുറത്തുവിടണം. ട്രക്കിൽ എന്താണെന്ന് ഭരണകൂടം വിശദീകരിക്കണം ” എക്‌സില്‍ ആര്‍ജെഡി നേതൃത്വം ആവശ്യപ്പെട്ടു. 

കൃത്യമായ വിശദീകരണത്തിനൊപ്പം സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുകയും ചെയ്തില്ലെങ്കിൽ വൻ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് പ്രതിപക്ഷ പാർട്ടികള്‍ മുന്നറിയിപ്പ് നൽകി. “ബീഹാർ തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെയും വിശദീകരണം അനിവാര്യമാണ്. അല്ലെങ്കിൽ, വോട്ട് മോഷണം തടയാൻ ആയിരങ്ങള്‍ തന്നെ പോളിംഗ് കേന്ദ്രങ്ങളിൽ കേന്ദ്രീകരിക്കും, ” പാർട്ടി പറഞ്ഞു. ആർജെഡി നേരത്തെയും സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. നവംബർ 9 ന്, നളന്ദ ജില്ലയിലെ ഒരു സ്ട്രോംഗ് റൂമിലെ സിസിടിവി ക്യാമറകൾ അരമണിക്കൂറോളം ഓഫാക്കിയിരുന്നുവെന്നും നിയമവിരുദ്ധമായ വാഹനങ്ങളുടെ നീക്കം ശ്രദ്ധയിൽപ്പെട്ടതായും അവർ ചൂണ്ടിക്കാട്ടി. നവംബർ 7 ന്, സമസ്തിപൂരിലെ മൊഹിയുദ്ദീൻ നഗർ നിയമസഭാ മണ്ഡലത്തിലെ ഒരു സ്ട്രോംഗ് റൂമിൽ സിസിടിവി ക്യാമറ അരമണിക്കൂറോളം ഓഫാക്കിയിരുന്നതായും സംശയാസ്പദമായ വ്യക്തികൾ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നത് കണ്ടതായും പാർട്ടി ആരോപിച്ചു. വോട്ടെണ്ണൽ നവംബർ 14 നാണ് നടക്കുക.

Exit mobile version