Site iconSite icon Janayugom Online

കശ്മീരില്‍ മധ്യസ്ഥനാകാമെന്ന് ട്രംപ്; വേണ്ടെന്ന് ഇന്ത്യ

ഇന്ത്യ പാക് വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ കശ്മീര്‍ വിഷയത്തില്‍ പ്രശ്ന പരിഹാരത്തിനായി പ്രവര്‍ത്തിക്കാമെന്ന വാഗ്ദാനവുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ ധാരണയിലെത്താന്‍ യു എസ് സഹായം ചെയ്തുവെന്ന് സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്താന്‍ പ്രധാന പങ്കുവഹിക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞു. സംഘര്‍ഷം അവസാനിപ്പിച്ചിരുന്നില്ലെങ്കില്‍ ദശലക്ഷക്കണക്കിന് നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുമായിരുന്നു. ചരിത്രപരവും വീരോചിതവുമായ ഈ തീരുമാനത്തിലെത്താന്‍ സഹായിക്കാന്‍ കഴിഞ്ഞതില്‍ അമേരിക്ക അഭിമാനിക്കുന്നു. കശ്മീര്‍ വിഷയം പരിഹരിക്കാന്‍ ഇന്ത്യയും പാകിസ്ഥാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറഞ്ഞു.
എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയുടെ ആവശ്യമില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്ക് കൃത്യമായ നിലപാടുണ്ട്. പാകിസ്ഥാന്‍ കൈവശം വച്ചിരിക്കുന്ന കശ്മീര്‍ പ്രദേശം (പിഒകെ) തിരികെ വേണം. അതില്‍കുറ‍ഞ്ഞതൊന്നും സംസാരിക്കാനില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഭീകരരെ കൈമാറുന്നത് സംബന്ധിച്ച് ആണെങ്കില്‍ നമുക്ക് സംസാരിക്കാം. വേറെ ഒരു വിഷയത്തിലും ചര്‍ച്ചയ്ക്ക് ഇടനിലക്കാരുടെ ആവശ്യമില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെടിനിര്‍ത്തലിന് മധ്യസ്ഥം വഹിച്ചുവെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിയിരുന്നു. 

Exit mobile version