അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് അധികാരത്തിലേക്ക്. നിർണായകമായ ഏഴ് സ്വിങ് സ്റ്റേറ്റുകളിലും ട്രംപ് മുന്നിലാണ്. നോർത്ത് കാരോലൈനയിലും ജോർജിയയിലും ട്രംപ് വിജയം ഉറപ്പിച്ചു. ഫ്ലോറിഡയിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു .അമേരിക്കയുടെ സുവർണ യുഗമാണ് വരാനിരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.
ഒരിക്കൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരാൾ വീണ്ടും അധികാരത്തിലെത്തുന്നത് 127 വർഷങ്ങൾക്ക് ശേഷമാണ് . എന്നാൽ, ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമല ഹാരിസ് ഇന്ന് അനുയായികളെ അഭിസംബോധന ചെയ്യില്ല. സ്വിംഗ് സ്റ്റേറ്റുകളിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതാണ് ട്രംപിന്റെ മുന്നേറ്റത്തിന് ഊർജം പകർന്നത്. വിസ്കോൺസിൻ, പെൻസിൽവാനിയ, അരിസോണ, മിഷിഗൺ എന്നിവിടങ്ങളിൽ ട്രംപ് ലീഡ് ചെയ്യുകയാണ്. നിർണായകമായ സ്വിംഗ് സ്റ്റേറ്റുകളിൽ ട്രംപ് അനുഭാവികൾ ആഘോഷം തുടങ്ങി.
അധികാരം നഷ്ടപ്പെട്ട ശേഷം വീണ്ടും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് അതിശക്തമായ തിരിച്ചുവരവാണ് ഡൊണാൾഡ് ട്രംപ് നടത്തിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 247 ഇലക്ട്രൽ വോട്ടുകൾ സ്വന്തമാക്കാൻ ട്രംപിന് കഴിഞ്ഞിട്ടുണ്ട്. കമല ഹാരിസിന് 214 ഇലക്ട്രൽ വോട്ടുകളാണ് നേടാനായത്. 16 കോടിയിലധികം ആളുകളാണ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. പ്രസിഡന്റ് പദത്തിലെത്താൻ ആകെ 270 ഇലക്ട്രൽ വോട്ടുകളാണ് വേണ്ടത്.