Site iconSite icon Janayugom Online

ഇന്ത്യയെ പ്രതിരോധത്തിലാക്കാൻ പുതിയ നീക്കവുമായി ട്രംപ്; യൂറോപ്യൻ യൂണിയനോട് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ ആവശ്യപ്പെട്ടു

അമേരിക്കയുടെ നടപടിക്ക് സമാനമായ രീതിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് അമേരിക്ക. യുഎസ് പ്രതിരോധത്തെ മറികടക്കാൻ ഇന്ത്യ പുതിയ മാർ​ഗങ്ങൾ കണ്ടുപിടിക്കുന്നതിനിടെയാണിത്. ഇന്ത്യയുടെ എണ്ണ, വാതക ഇറക്കുമതി പൂർണ്ണമായും നിർത്തലാക്കുന്നത് ഉൾപ്പെടെ, വാഷിംഗ്ടൺ ന്യൂഡൽഹിയിൽ ഏർപ്പെടുത്തിയതിന് സമാനമായ ഉപരോധങ്ങൾ സ്വീകരിക്കാൻ ട്രംപ് ഭരണകൂടം യൂറോപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ ന്യൂഡൽഹിക്ക് മുമ്പ് നൽകിയ ഭീഷണികൾക്ക് സമാനമായി, ഇന്ത്യയ്ക്ക് മേൽ ദ്വിതീയ തീരുവ ചുമത്തുന്നത് പരിഗണിക്കാൻ യുഎസ് തങ്ങളുടെ യൂറോപ്യൻ പങ്കാളികളോട് സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. ട്രംപ് ചുമത്തിയ 50 ശതമാനം താരിഫ് വിവേചനപരമാണെന്ന് ന്യൂഡൽഹി വിശേഷിപ്പിച്ചതിനെതിരെ ഇന്ത്യ കടുത്ത എതിർപ്പ് പ്രകടിപ്പിക്കുന്നതിനിടയിലാണ് ഈ നീക്കം. അമേരിക്ക ചെലുത്തിയ സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങാത്തതും ചൈനയും ഇന്ത്യയും സൗഹൃദം ശക്തമാക്കുന്നതുമാണ് പുതിയ നീക്കത്തിലേക്ക് ട്രംപിനെ നയിച്ചത്.

യുക്രൈൻ — റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ നീക്കങ്ങളുടെ ഭാഗമായാണ് ഇന്ത്യക്ക് മേലുള്ള അധിക തീരുവ വിമർശിക്കപ്പെട്ടതെങ്കിലും ഇന്ത്യയെ ലക്ഷമിട്ടുള്ള നടപടിയായാണ് ഇതെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. റഷ്യൻ ക്രൂഡോയിലിൽ നിന്ന് ഇന്ത്യ ലാഭം കൊയ്യുന്നുവെന്ന് ആരോപിച്ച് അമേരിക്ക ഇന്ത്യയെ വിമർശിക്കുമ്പോൾ, മിക്ക യൂറോപ്യൻ രാജ്യങ്ങളും ട്രംപിന്റെ താരിഫ് തീരുമാനത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്. പരസ്യമായി അംഗീകരിക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ല.

ടിയാൻജിനിൽ നടക്കുന്ന എസ്‌സി‌ഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എന്നിവർ ചർച്ച നടത്താനിരിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരായ ട്രംപിന്റെ തീരുവകളും ഉക്രെയ്‌നിലെ വിശാലമായ യുദ്ധവും ചർച്ചകളിൽ പ്രധാന സ്ഥാനം പിടിക്കുമെന്നാണ് പ്രതീക്ഷ.

Exit mobile version