Site iconSite icon Janayugom Online

ട്രംപ്-സെലൻസ്‌കി വാക‍്പോര്: ഉക്രെയ‍്നെ പിന്തുണച്ച് യൂറോപ്യന്‍ നേതാക്കള്‍

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചകളിലെ അതൃപ്തി പ്രകടമാക്കി ഉക്രെയ‍്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി. ഉക്രെയ്‌നെ കേൾക്കുകയും മറക്കാതിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് സെലന്‍സ്കി പറഞ്ഞു. യൂറോപ്യൻ നേതാക്കളുമായുള്ള പ്രതിരോധ ഉച്ചകോടിക്ക് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. രാജ്യത്തിന്റെ അതിജീവനത്തിന് അമേരിക്കയുടെ സഹായം നിര്‍ണായകമായിരുന്നു. തന്ത്രപരമായ പങ്കാളികളായി തന്നെയാണ് ഇരുരാജ്യങ്ങളും തുടരുന്നത്. എന്നാല്‍ പൊതുവായ ലക്ഷ്യങ്ങൾ മനസിലാക്കാൻ പരസ്പരം സത്യസന്ധതയുള്ളവരായിരിക്കണം. സുരക്ഷാ ഉറപ്പുകൾ നേടുന്നതിനുള്ള ആദ്യപടിയെന്ന നിലയില്‍ ധാതു കരാറിൽ ഒപ്പുവയ്ക്കാന്‍ ഉക്രെയ‍്ന്‍ തയ്യാറാണ്. സുരക്ഷാ ഉറപ്പുകളില്ലാത്ത ഒരു വെടിനിർത്തൽ ഉക്രെയ്‌നിന് അപകടകരമാണ്. അമേരിക്ക ഞങ്ങളുടെ പക്ഷത്താണെന്ന് ഉക്രെയ‍്നിയൻ ജനത അറിയേണ്ടതുണ്ടെന്നും സെലന്‍സ്കി പറഞ്ഞു. അമേരിക്ക നല്‍‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഉക്രെയ‍്നുള്ള പിന്തുണ ശക്തിപ്പെടുത്തുമെന്ന നിലപാടിലാണ് യൂറോപ്യന്‍ നേതാക്കള്‍. ഇതിന്റെ ഭാഗമായാണ് പ്രതിരോധ ഉച്ചകോടി സംഘടിപ്പിക്കുന്നതും. യുഎസില്‍ നിന്ന് ഉക്രെയ്‌നെ സംരക്ഷിക്കേണ്ടിവരുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിൽ കാനഡ ഉക്രെയ്‌നൊപ്പം നില്‍ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. ഉക്രെയ്നിന് ജർമ്മനിയെയും യൂറോപ്പിനെയും ആശ്രയിക്കാമെന്ന് ചാന്‍സലന്‍ ഒലാഫ് ഷോൾസ് പറഞ്ഞു. ഉക്രെയ്നു പിന്നില്‍ നിലകൊള്ളുമെന്നാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരും പ്രതികരിച്ചത്. ഉക്രെയ‍്നിയന്‍ ജനതയുടെ ധീരതയെയും അന്തസിനെയും ബഹുമാനിക്കുന്നു. ശക്തരായിരിക്കുക, ധീരരായിരിക്കുക, നിർഭയരായിരിക്കുക. സെലന്‍സ്കി ഒരിക്കലും ഒറ്റയ്ക്കല്ലെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്ൻ എക്സില്‍ കുറിച്ചു. 

റഷ്യന്‍ യുദ്ധവുമായി ബന്ധപ്പെട്ടും, ധാതു കരാർ ഉൾപ്പെടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് സെലന്‍സ്കി യുഎസിലെത്തിയത്. കരാറില്‍ ധാരണയാകുമെന്ന് ട്രംപും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സെലന്‍സ്കിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ട്രംപ് ഉന്നയിച്ചത്. റഷ്യക്കെതിരെ പ്രതിരോധം തീർക്കാനുള്ള പിന്തുണയും യുദ്ധാനന്തരമുള്ള സുരക്ഷാ ഉറപ്പും നൽകണമെന്ന സെലൻസ്കിയുടെ അഭ്യർത്ഥന​യാണ്‌ ട്രംപിനെ പ്രകോപിപ്പിച്ചത്‌. റഷ്യയുമായുള്ള സമാധാന കരാരിൽ അമേരിക്ക നിർദേശിക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സെലന്‍സ്കി നിരസിച്ചു. സെലന്‍സ്കി യുഎസിനോട് കാണിക്കുന്നത് നന്ദികേടാണെന്നും ട്രംപ് ആരോപിച്ചു. പുടിനുമായി വിട്ടുവീഴ്ച പാടില്ലെന്നും അമേരിക്ക ബാധ്യത നിറവേറ്റാന്‍ തയ്യാറാകണമെന്നും സെലന്‍സ്കി തിരിച്ചടിച്ചു. ഉക്രെയ്നെ കെെയൊഴിയുമെന്ന് വെെസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഭീഷണി മുഴക്കിയതോടെ വാഗ്വാദം രൂക്ഷമായി. ചര്‍ച്ച വാക‍്പോരില്‍ കലാശിച്ചതോടെ കരാറില്‍ ഒപ്പുവയ്ക്കാതെ സെലന്‍സ്കി വെെറ്റ് ഹൗസില്‍ നിന്ന് ഇറങ്ങിപോകുകയായിരുന്നു. ഇരുവരും നടത്താനിരുന്ന സംയുക്ത വാര്‍ത്താ സമ്മേളനവും റദ്ദാക്കി. 

Exit mobile version