Site iconSite icon Janayugom Online

വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ അനുവദിക്കില്ലെന്ന് മുസ്ലീം നേതാക്കള്‍ക്ക് ട്രംപിന്റെ ഉറപ്പ്

പലസ്തീനിലെ ഏറ്റവും വലിയ ഭൂപ്രദേശമായ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ഇസ്രയേലിനെ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുസ്ലിം നേതാക്കൾക്ക് ഉറപ്പ് നൽകിയതായി റിപ്പോർട്ട്. പടിഞ്ഞാറൻ, ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ മുസ്ലിം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കിടെ ട്രംപ് ഇക്കാര്യം പറഞ്ഞതായി പൊളിറ്റിക്കോയാണ് റിപ്പോർട്ട് ചെയ്തത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസ മുനമ്പും വെസ്റ്റ് ബാങ്കും പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിനിടെയാണ് വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ഇസ്രയേലിനെ അനുവദിക്കില്ലെന്ന ട്രംപിന്റെ ഉറപ്പ്. എന്നാൽ, ഗാസയെക്കുറിച്ച് ട്രംപ് സമാനമായ ഉറപ്പ് നൽകിയതായി വിവരമില്ല.

മുസ്ലിം നേതാക്കളുമായി നടത്തിയ യോഗത്തിൽ ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും യുദ്ധാനന്തര ഭരണ സംവിധാനം സ്ഥാപിക്കുന്നതിനുമുള്ള 21 ഇന നിർദ്ദേശം ട്രംപ് അവതരിപ്പിച്ചു. അതേസമയം, ഗാസയ്ക്കു മേൽ നെതന്യാഹുവും ഇസ്രയേൽ സൈന്യവും ആക്രമണം കടുപ്പിക്കുകയാണ്. ബ്രിട്ടൺ, ഫ്രാൻസ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതിന് ശേഷവും വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റം വ്യാപിപ്പിക്കുന്നത് തുടരുമെന്ന് നെതന്യാഹു പറഞ്ഞു. ജൂദിയയിലും സമരിയയിലും ജൂത കുടിയേറ്റം ഇരട്ടിയാക്കി ഈ പാതയിൽ തന്നെ തുടരുമെന്ന് വെസ്റ്റ് ബാങ്കിനെ ബൈബിളിലെ പേരുകൾ ഉപയോഗിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ‑ഗ്വിർ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നിർദ്ദേശം മുന്നോട്ട് വെക്കുമെന്ന് പ്രഖ്യാപിച്ചു.

‘ജൂദിയയിലും സമരിയയിലും ഉടനടി പരമാധികാരം പ്രയോഗിക്കണമെന്നും പലസ്തീൻ അതോറിറ്റി‘യെ പൂർണ്ണമായും പിരിച്ചുവിടണമെന്നും ബെൻ‑ഗ്വിർ ആഹ്വാനം ചെയ്തു. മറ്റ് രണ്ട് മന്ത്രിമാരും വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനായി ആഹ്വാനം ചെയ്തിട്ടുണ്ട്. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയിൽ നിന്നുള്ള ഗതാഗത മന്ത്രി മിറി റെഗേവ് പിടിച്ചെടുക്കലിനായി ആഹ്വാനം ചെയ്തു. ജൂദിയയിലും സമരിയയിലും പരമാധികാരം പ്രയോഗിക്കണമെന്ന് സാമ്പത്തിക മന്ത്രി നിർ ബർക്കത്ത് പറഞ്ഞു.

Exit mobile version