Site iconSite icon Janayugom Online

അസിം മുനീറിന് ട്രംപിന്റെ വിരുന്ന് ; മോഡിയുടെ നയതന്ത്ര പരാജയമെന്ന് കോണ്‍ഗ്രസ്

പാകിസ്ഥാന്‍ സൈനിക മേധാവി അസീം മുനീര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെപുമായി കൂടിക്കാഴ്ച നടത്തും.ട്രംപിനൊപ്പം ഉച്ചഭക്ഷണത്തിനാണ് അസിം മുനീറിനെ വൈറ്റ് ഹൗസ് ക്ഷണിച്ചിരിക്കുന്നത്. ഇറാൻ‑ഇസ്രയേൽ സംഘർഷത്തിനിടെയാണ് അതിനിർണായകമായ ഈ കൂടിക്കാഴ്ച. നേരത്തെ അമേരിക്കൻ സൈന്യത്തിന്റെ 250-ാം വാർഷിക ആഘോഷങ്ങൾക്ക് മുനീറിനെ അമേരിക്ക ക്ഷണിച്ചിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് അമേരിക്കൻ ഉദ്യോഗസ്ഥർ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ പാക് സൈനിക മേധാവിയ്ക്ക് അവസരമൊരുങ്ങുന്നത്.ഇറാനുമായി ഏതാണ്ട് 909 കിലോമീറ്ററോളം അതിർത്തി പങ്കിടുന്ന രാജ്യമാണ് പാകിസ്ഥാന്‍.

ഇസ്രയേൽ ഇറാൻ യുദ്ധത്തിൽ അമേരിക്ക നേരിട്ട് ഇടപെട്ടേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്. യുദ്ധം ആരംഭിച്ച ശേഷം ഇറാനുമായുള്ള എല്ലാ കരയാത്രാ മാർഗങ്ങളും പാകിസ്ഥാന്‍ അടച്ചിരുന്നു. അതേസമയം, അസിം മുനീറിന് ട്രംപ് ‘റെഡ് കാർപറ്റ്’ സ്വീകരണം നൽകുന്നതിൽ കോൺഗ്രസ് പ്രധാനമന്ത്രിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യയുടെ നയതന്ത്രം തകർന്നുവെന്നും പ്രധാനമന്ത്രി നിശബ്ദനായി ഇരിക്കുകയാണെന്നും ജയറാം രമേശ്‌ കുറ്റപ്പെടുത്തി.അസിം മുനീർ വൈറ്റ് ഹൗസിൽ എത്താനിരിക്കെ അല്പസമയം മുൻപ് ഇന്ത്യൻ പ്രധാനമന്ത്രി മോഡി ട്രംപുമായി സംസാരിച്ചിരുന്നു.

ഇന്ത്യ‑പാകിസ്ഥാന്‍ സംഘർഷം അവസാനിപ്പിക്കുന്നതിൽ അമേരിക്കയ്ക്ക് യാതൊരു പങ്കും ഇല്ലെന്ന് ഇല്ലെന്ന് മോഡി ട്രംപിനെ അറിയിച്ചു. പാകിസ്ഥാന്‍ അഭ്യർത്ഥിച്ചതുകൊണ്ടാണ് സൈനിക നടപടി അവസാനിപ്പിച്ചതെന്നും കശ്മീർ വിഷയത്തിൽ ഇന്ത്യ ഒരു മധ്യസ്ഥ ശ്രമവും ആഗ്രഹിക്കുന്നില്ലെന്നും മോഡി നിലപാട് വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റിയുള്ള പൂർണ വിവരങ്ങൾ ട്രംപിനെ അറിയിക്കുകയും ചെയ്തു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തിയ കാര്യം അറിയിച്ചത്.

അരമണിക്കൂറിലധികം ഇരുനേതാക്കളും തമ്മിൽ സംസാരിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി നിലപാട് എടുക്കണമെന്നും മോഡി ആവശ്യപ്പെട്ടു. താൻ ഇടപെട്ടതുകൊണ്ടാണ് ഇന്ത്യ‑പാക് സംഘർഷം അവസാനിച്ചതെന്നും കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ട്രംപിൻ്റെ അവകാശവാദവും കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനവും ഇന്ത്യ തള്ളുകയായിരുന്നു.

Exit mobile version