Site iconSite icon Janayugom Online

ട്രംപിന്റെ താരിഫ് വര്‍ധന; ഫാര്‍മ മേഖല തകരും

അമേരിക്കന്‍ പ്രസിഡന്റ് ‍ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ തീരുവ ഉയര്‍ത്തല്‍ പ്രഖ്യാപനം ദോഷകരമായി ബാധിക്കുക ഇന്ത്യന്‍ ഫാര്‍മസി വ്യവസായത്തെ. യുഎസില്‍ ഔഷധ ഇറക്കുമതിക്ക് ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനമാണ് രാജ്യത്തെ ഫാര്‍മ കമ്പനികളെ ബാധിക്കുക. 

ചെറിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട മരുന്ന് കമ്പനികളില്‍ താരിഫ് വര്‍ധന കടുത്ത സമ്മര്‍ദം സൃഷ്ടിക്കും. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിനോ ലയനത്തിനോ വിധേയമാകേണ്ടി വരും. ഓട്ടോമൊബൈല്‍ വ്യവസായത്തെയും തീരുമാനം നേരിയ തോതില്‍ ബാധിക്കും. താരിഫ് ഉയര്‍ത്തുക വഴി ഉല്പാദനച്ചെലവ് ഗണ്യമായി വര്‍ധിക്കുന്നത് പല ചെറുകിട സ്ഥാപനങ്ങള്‍ക്കും താങ്ങാന്‍ കഴിയാത്ത നിലയിലേക്കെത്തിക്കും. മറ്റ് രാജ്യങ്ങളിലെ ഉല്പന്നങ്ങളുമായുള്ള മത്സരക്ഷമത കുറയുന്നതിനും ഇടവരുത്തും. 

അടുത്തമാസം രണ്ട് മുതല്‍ നിലവില്‍ വരുന്ന പുതിയ താരിഫ് നയം ഇന്ത്യന്‍ ഫാര്‍മ കമ്പനികളെ ഏറെ ബാധിക്കുമെന്ന് ഷാര്‍ദുള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ആന്റ് കമ്പനി സഹസ്ഥാപകന്‍ അരവിന്ദ് ശര്‍മ്മ പറയുന്നു. നിലവില്‍ 10 ശതമാനം നികുതിയാണ് യുഎസ് ഉല്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്നത്. ഇന്ത്യന്‍ മരുന്നുകള്‍ക്ക് ഇതുവരെ യുഎസ് ഭരണകൂടം നികുതി ചുമത്തിയിരുന്നില്ല. പരസ്പര നികുതി പ്രഖ്യാപനം വരുന്നതോടെ അതിന്റെ ആഘാതം ഇന്ത്യന്‍ ഔഷധ മേഖലയെ ബാധിക്കും. ആഭ്യന്തര ഉപഭോഗം തടസപ്പെടുന്നതിനും ഇത് കാരണമാകും.

ഇന്ത്യന്‍ ഫാര്‍മ കമ്പനികളുടെ വിളനിലമായിരുന്ന യുഎസില്‍ 2022ല്‍ എഴുതിയ മരുന്നുകുറിപ്പടിയുടെ 40 ശതമാനവും ഇന്ത്യന്‍ കമ്പനികളുടേതായിരുന്നു. 2013നും 2022നും ഇടയില്‍ 1.3 ലക്ഷം കോടി ഡോളറിന്റെ മരുന്നുകളാണ് യുഎസില്‍ വിറ്റഴിച്ചത്. ഈ സാഹചര്യത്തില്‍ പെട്ടെന്നുള്ള താരിഫ് വര്‍ധന ഇന്ത്യന്‍ മരുന്നുകളുടെ വില ഉയര്‍ത്തുകയും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഉല്പന്നങ്ങളുമായി മത്സരിക്കാനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് തീരുവ ചുമത്താനുള്ള തീരുമാനം വിപണി മാറ്റത്തിനും വഴിതുറക്കും. അമേരിക്കയെ വിട്ട് യുറോപ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വിപണി മാറ്റം നടത്താന്‍ ഇന്ത്യന്‍ കമ്പനികള്‍ നിര്‍ബന്ധിക്കപ്പെടുന്ന സ്ഥിതിവിശേഷം ഉണ്ടാകും. എന്നാല്‍ ഓട്ടോമൊബൈല്‍ വ്യവസായത്തെ താരിഫ് വര്‍ധനവ് കാര്യമായ നിലയില്‍ ബാധിക്കില്ലെന്ന് ഇന്‍ഡ്സ് ലോ പാര്‍ട്ട്ണര്‍ ശശി മാത്യൂസ് പ്രതികരിച്ചു. ഇന്ത്യന്‍ വാഹനങ്ങളുടെ യുഎസിലേക്കുള്ള കയറ്റുമതി നേരിയ തോതിലാണ്. പരസ്പര താരിഫ് രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖലയില്‍ കാര്യമായ ദോഷം വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version