Site iconSite icon Janayugom Online

ഇന്ത്യയ്ക്കെതിരെ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫുകളെ ന്യായീകരിച്ച് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്കെതിരെ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫുകളെ ന്യായീകരിച്ച് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യ യുഎസ് ഡോളര്‍ ആണ് ഉപയോഗിക്കുന്നതെന്നും, ഈ ഡോളര്‍ ഉപയോഗിച്ച് റഷ്യ യുക്രൈനുകാരെ കൊലപ്പെടുത്താനുള്ള ആയുധങ്ങള്‍ക്ക് പണം കണ്ടെത്തുന്നുവെന്നാണ് നവാരോയുടെ പ്രധാന ആരോപണം.വ്യാഴാഴ്ചയാണ് നവാരോ ഇന്ത്യയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത് താരിഫ് യൂദ്ധത്തില്‍ ട്രംപിനെ പിന്തുണയ്ക്കുന്ന പ്രധാനികളില്‍ ഒരാളാണ് പീറ്റര്‍ നവാരോ. 

ഇന്ത്യയില്‍നിന്ന് ലഭിക്കുന്ന യുഎസ് ഡോളര്‍ ഉപയോഗിച്ച് റഷ്യ ആയുധങ്ങള്‍ വാങ്ങുന്നു. അവരുടെ ആക്രമണത്തില്‍നിന്ന് യുക്രൈനെ പ്രതിരോധിക്കാനുള്ള ആയുധങ്ങള്‍ക്കായി പണം മുടക്കാന്‍ അമേരിക്കന്‍ നികുതിദായകര്‍ നിര്‍ബന്ധിതരാവുകയാണ്. ഇതവസാനിക്കണം. ഈ പരിപാടി ശരിയാവില്ല. സാമ്പത്തിക സുരക്ഷയും ദേശീയ സുരക്ഷയും തമ്മിലുള്ള ബന്ധം പ്രസിഡന്റിന് മനസ്സിലാകും. അതായിരുന്നു നികുതി വിഷയത്തിന്റെ കാതല്‍. നവാരോ പറഞ്ഞു. അതേസമയം, ഇന്ത്യയേക്കാള്‍ കൂടുതല്‍ എണ്ണ റഷ്യയില്‍നിന്ന് വാങ്ങുന്ന ചൈനയ്ക്കുനേരെ എന്തുകൊണ്ട് കുറ്റപ്പെടുത്തല്‍ ഉണ്ടാകുന്നില്ല എന്ന ചോദ്യത്തിന്, യുഎസ് സമ്മര്‍ദത്തിലാണെന്ന് നവാരോ സമ്മതിച്ചു. ചൈനയുടെ കാര്യത്തില്‍ യുഎസ് സമ്മര്‍ദ്ദത്തിലാണ്.

ഉയര്‍ന്ന താരിഫുകളിലൂടെ സ്വയം ഉപദ്രവിക്കപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ബോസ് പറയുന്നതുപോലെ, എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം. ചൈനയ്ക്കെതിരെ ഞങ്ങള്‍ക്ക് ഇതിനകം 50 ശതമാനത്തിലധികം താരിഫുകളുണ്ട്, ശരിയല്ലേ അത് മറക്കാന്‍ പാടില്ല. ഒത്തുതീര്‍പ്പിന് ചെറിയ സാധ്യത ബാക്കിവെച്ചുകൊണ്ട് നവാരോ പറഞ്ഞു. സംശയാസ്പദമായ നിലപാടുകളും മോശം ഭൂതകാലവുമുള്ള ട്രംപിന്റെ വ്യാപാര വിദഗ്ധനാണ് നവാരോ. ജയില്‍ശിക്ഷ അനുഭവിച്ച ഒരു കുറ്റവാളികൂടിയാണ് ഇയാള്‍. വാഷിങ്ടണ്‍ ഡിസി വൃത്തങ്ങളില്‍, താരിഫുകളിലുള്ള തന്റെ മേധാവിയുടെ വിശ്വാസത്തെ പ്രതിധ്വനിപ്പിക്കുന്ന ട്രംപിന്റെ വ്യാപാര മാന്ത്രികന്‍ എന്നാണ് നവാരോ അറിയപ്പെടുന്നത്. അതേസമയം, ട്രംപ് ഇന്ത്യയ്ക്കെതിരെ ഏകദേശം 50% താരിഫ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫുകളാണ് ഇന്ത്യ യുഎസിനുമേല്‍ ചുമത്തുന്നത് എന്ന ട്രംപിന്റെ വാദങ്ങളെ ഇന്ത്യ എതിര്‍ത്തു. കാനഡയ്ക്കെതിരെയും അദ്ദേഹം സമാനമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. നിരവധി അമേരിക്കന്‍ കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ താരിഫ് കുറച്ച കാര്യവും ഇന്ത്യ ഓര്‍മ്മിപ്പിച്ചു. ഈ സാഹചര്യത്തില്‍, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരായ തങ്ങളുടെ താരിഫുകളെ ന്യായീകരിക്കാന്‍ ട്രംപ് ഭരണകൂടം പാടുപെടുകയാണ് എന്നാണ് വിവരം. 

Exit mobile version