Site iconSite icon Janayugom Online

ബിജെപിയുടെ കുതിരക്കച്ചവട നീക്കങ്ങള്‍; ഝാര്‍ഖണ്ഡില്‍ ഇന്ന് വിശ്വാസവോട്ട്

ബിജെപിയുടെ കുതിരക്കച്ചവട നീക്കങ്ങള്‍ക്കിടെ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊരേന്‍ ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടും. നിയമസഭാ സെക്രട്ടേറിയറ്റ് എംഎല്‍എമാര്‍ക്ക് അയച്ച കത്തിലാണ് ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി സന്നദ്ധത അറിയിച്ചിട്ടുള്ളതായി വ്യക്തമാക്കിയിട്ടുള്ളത്. ചത്തീസ്ഗഡിലെ റായ്പൂരില്‍ റിസോര്‍ട്ടുകളില്‍ താമസിച്ചിരുന്ന ഭരണകക്ഷി എംഎല്‍എമാരെ ഇന്നലെ തിരിച്ചെത്തിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി ആലംഗീര്‍ ആലം പറഞ്ഞു. ഞങ്ങളുടെ പ്രതിനിധി സംഘം ഗവര്‍ണറെ കണ്ടു, ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അന്തരീക്ഷം ശരിയാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. എന്നാല്‍ ഇതുവരെ ഒന്നും നടന്നിട്ടില്ല. അതുകൊണ്ട് ഞങ്ങള്‍ നിയമസഭയില്‍ കാര്യങ്ങള്‍ വിശദീകരിക്കുകയും ഭൂരിപക്ഷം തെളിയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഖനി ലൈസന്‍സ് കേസില്‍ ഹേമന്ത് സോരേന്റെ നിയമസഭാംഗത്വം റദ്ദാക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാര്‍ശ. എന്നാല്‍ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ രമേഷ് ബായിസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

81 അംഗ സഭയില്‍ ജെഎംഎം 30, കോണ്‍ഗ്രസ് 18, ആര്‍ജെഡി 1 എന്നിങ്ങനെയാണ് കക്ഷിനില. മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കിയിരുന്നു. ബിജെപിക്ക് 30 എംഎല്‍എമാരുണ്ട്. അടുത്തിടെ സ്വന്തം പാര്‍ട്ടി ബിജെപിയില്‍ ലയിപ്പിച്ച ബാബുലാല്‍ മറാണ്ടിയെ അയോഗ്യനാക്കുന്ന കാര്യത്തില്‍ സ്പീക്കര്‍ ഇന്ന് തീരുമാനമെടുക്കും. മുഖ്യമന്ത്രിയെ എംഎല്‍എ സ്ഥാനത്തുനിന്നു അയോഗ്യനാക്കുന്നത് സര്‍ക്കാരിനെ ബാധിക്കില്ലെന്നാണ് ഭരണസഖ്യത്തിന്റെ വിശ്വാസം. ഗവര്‍ണര്‍ ഇത്തരമൊരു തീരുമാനമെടുത്താല്‍ കോടതികളില്‍ നിലനില്‍ക്കില്ലെന്നും മണിക്കൂറുകള്‍ക്കുള്ളില്‍ തങ്ങള്‍ക്ക് അനുകൂലമായ വിധിയുണ്ടാകുമെന്നും മന്ത്രി മിഥിലേഷ് താക്കൂര്‍ പറഞ്ഞു. അതേസമയം, മഹാരാഷ്ട്രയ്ക്ക് സമാനമായ രീതിയില്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സഖ്യകക്ഷിയായ കോണ്‍ഗ്രസില്‍ നിന്നുമുള്ള എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി ഗൗരവമായ ശ്രമം നടത്തിയേക്കുമെന്ന് ജെഎംഎമ്മിന് ആശങ്കയുണ്ട്.

Eng­lish sum­ma­ry; Trust vote in Jhark­hand today

You may also like this video;

Exit mobile version