കരൂര്‍ ദുരന്തത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഹൈക്കോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) വസ്തുതകള്‍ പുറത്തുകൊണ്ടുവരുമെന്നും സംഭവത്തെ രാഷ്ട്രീയവൽക്കരിക്കുരുതെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എക്സിലൂടെ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതലുകള്‍ സ്വീകരിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു.
കരൂർ ദുരന്തത്തെക്കുറിച്ച് ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച എല്ലാ നിരീക്ഷണങ്ങളും നിർദേശങ്ങളും തമിഴ്‌നാട് സർക്കാർ അതീവ ഗൗരവത്തോടെ കാണുന്നു. കരൂരിലെ ദുഃഖകരമായ സംഭവങ്ങളിൽ നാമെല്ലാവരും അഗാധമായി നടുങ്ങിപ്പോയി. പ്രിയപ്പെട്ട ഒരാളുടെ വേർപാട് അനുഭവിക്കുന്ന ഓരോ കുടുംബത്തിന്റയും ദുഃഖത്തിലും ഞാനും പങ്കുചേരുന്നു. എസ്‌ഐടി അന്വേഷണം യഥാര്‍ത്ഥ സത്യം പുറത്തുകൊണ്ടുവരുമെന്നും എല്ലാ തലങ്ങളിലും ഉത്തരവാദിത്തം ഉറപ്പാക്കുമെന്നും ഉറപ്പ് നല്‍കുന്നു.

