ഷാർജയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പുകവലിക്കാൻ ശ്രമിച്ച കൊല്ലം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്തിനുള്ളിൽ അപായ അലാറം മുഴങ്ങിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. യാത്രക്കിടെ ശുചിമുറിയിൽ കയറിയ ഇയാൾ സിഗരറ്റ് കത്തിക്കാൻ ലൈറ്റർ ഉപയോഗിച്ചതോടെ അപായ മുന്നറിയിപ്പ് ശബ്ദം മുഴങ്ങി. തുടർന്ന് നടത്തിയ പരിശോധനയിൽ സിഗരറ്റും ലൈറ്ററുമായി ഇയാളെ വിമാനജീവനക്കാർ പിടികൂടുകയായിരുന്നു. പുകവലിക്കാൻ ശ്രമിച്ചതായി ഇയാൾ സമ്മതിച്ചു.
വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത ഉടൻ വിമാനത്താവള അധികൃതർ ഇയാളെ വലിയതുറ പൊലീസിന് കൈമാറി. പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
വിമാനത്തിൽ പുകവലിക്കാൻ ശ്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

