Site icon Janayugom Online

ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍; കേരളത്തിന് ദേശീയ പുരസ്കാരം

മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ചു. സ്വകാര്യ മേഖലയില്‍ ദേശീയ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ (എന്‍ടിഇപി) ഏറ്റവും മികച്ച രീതിയില്‍ ഏകോപിപ്പിച്ചതിനാണ് പുരസ്കാരം. സ്വകാര്യ മേഖലയില്‍ നിന്നും നിക്ഷയ് പോര്‍ട്ടല്‍ മുഖേന ഏറ്റവും കൂടുതല്‍ ക്ഷയരോഗ ബാധിതരെ രജിസ്റ്റര്‍ ചെയ്യിപ്പിച്ചതും പുരസ്കാരത്തിന് അര്‍ഹമാക്കി. 2019ല്‍ സ്വകാര്യ മേഖലയില്‍ നിന്നും 4615 രോഗബാധിതരെ നിക്ഷയ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിച്ചപ്പോള്‍ 2023ല്‍ അത് 6542 ആയി ഉയര്‍ന്നു. ഈ നേട്ടമാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്.

സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് 2025ഓടെ കേരളത്തെ ക്ഷയരോഗമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ക്ഷയരോഗമുക്ത കേരളം എന്ന ലക്ഷ്യത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്ഷയരോഗമുക്ത പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരികയാണ്. ഇതുകൂടാതെയാണ് സ്വകാര്യ മേഖലയെക്കൂടി സജീവമായി പങ്കെടുപ്പിച്ച് ചികിത്സ ഏകോപിപ്പിക്കുന്നത്. ഇതിനുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിലവില്‍ 330 സ്റ്റെപ്‌സ് സെന്ററുകള്‍ (സിസ്റ്റം ഫോര്‍ ടിബി എലിമിനേഷന്‍ ഇന്‍ പ്രൈവറ്റ് സെക്ടര്‍) പ്രവര്‍ത്തിച്ചു വരുന്നു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്നവരെ പൊതുമേഖലാ സംവിധാനവുമായി ബന്ധപ്പെടുത്തി ഏകീകൃത ചികിത്സ നല്‍കുന്ന കേന്ദ്രങ്ങളാണ് സ്റ്റെപ്‌സ് സെന്റര്‍. ഇവിടെ ചികിത്സ തേടുന്നവര്‍ക്ക് രോഗ നിര്‍ണയവും, ചികിത്സയും, ഉന്നത നിലവാരത്തിലുള്ള മരുന്നുകളും ഉറപ്പാക്കുന്നതിനായി രാജ്യത്തിന് മാതൃകയായി കൊണ്ടുവന്ന സംസ്ഥാന പദ്ധതിയാണിത്.

സ്വകാര്യ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചുകൊണ്ട് കേരളത്തിലെ ക്ഷയരോഗ ബാധിതര്‍ക്ക് പോഷകാഹാര കിറ്റുകള്‍ നല്‍കാന്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. നിലവില്‍ എറണാകുളം, വയനാട്, തിരുവനന്തപുരം ജില്ലകളില്‍ കൊച്ചിന്‍ ഷിപ്പ്‌യാഡിന്റെയും, കിംസ് ആശുപത്രിയുടെയും സഹകരണത്തോടെ പോഷകാഹാര കിറ്റുകള്‍ നല്‍കിവരുന്നു. മറ്റു ജില്ലകളിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും, സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പോഷകാഹാര കിറ്റുകള്‍ നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.

Eng­lish Summary:tuberculosis pre­ven­tion activ­i­ties; Nation­al award for Kerala
You may also like this video

Exit mobile version