11 വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്യൂഷന്‍ അധ്യാപകൻ പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. മെഡിക്കല്‍ കോളജ് സ്വദേശി സുബാഷ്‌കുമാറിനാണ് കോടതി 18വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. 35000 രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്നര വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്ന് കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ഉത്തരവിട്ടു.
അഞ്ചും ആറും ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നേരിടേണ്ടിവന്ന പീഡനം എംബിബിഎസ് വിദ്യാര്‍ഥിനിയായിരിക്കെയാണ് അതിജീവിത പുറത്തുപറഞ്ഞത്. 2013ല്‍ പെണ്‍കുട്ടി അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ട്യൂഷന്‍ അധ്യാപകന്‍ ആയിരുന്ന പ്രതി കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. പിന്നീട് പ്രതി പലതവണ ഇത് ആവര്‍ത്തിച്ചു. തുടര്‍ന്ന് കുട്ടി ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ട്യൂഷന്‍ നിര്‍ത്തി. പ്രതി ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി വിവരം പുറത്തുപറഞ്ഞില്ല. സംഭവത്തില്‍ ഭയന്ന് മനോനില തെറ്റിയ കുട്ടിയുടെ പ്ലസ്ടു പഠനം ഒരു വര്‍ഷം നഷ്ടപ്പെട്ടു. പ്ലസ്ടു കഴിഞ്ഞപ്പോള്‍ പീഡന സംഭവം ഓര്‍ത്ത് കുട്ടിക്ക് വീണ്ടും മാനസികപ്രശ്നം ഉണ്ടായതോടെ മനഃശാസ്ത്രജ്ഞനെ കാണിച്ചു.
കോവിഡ് സമയം ആയതിനാല്‍ ഓണ്‍ലൈന്‍ ആയാണു ചികിത്സ നേടിയത്. ആ സമയം അമ്മ കൂടെ ഉള്ളതിനാല്‍ കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞില്ല. മരുന്നുകള്‍ കഴിച്ചതിനെ തുടര്‍ന്ന് അസുഖം ഭേദമായിരുന്നു. എംബിബിഎസ് പഠനത്തിനായി അഡ്മിഷന്‍ കിട്ടിയ കുട്ടി ഹോസ്റ്റലില്‍ താമസം തുടങ്ങി. ഈ സമയത്ത് പ്രതിയുടെ രൂപസാദൃശ്യം ഉള്ള ഒരാളെ ഹോസ്റ്റലില്‍ വച്ച് കണ്ടപ്പോള്‍ കുട്ടിക്ക് മനോവിഭ്രാന്തി ഉണ്ടായി. തുടര്‍ന്നു കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോള്‍ ആണ് പീഡന വിവരം പറയുന്നത്. ഡോക്ടറാണ് 2024 ല്‍ പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

