Site icon Janayugom Online

കലങ്ങി മറിഞ്ഞ് കിഴക്കൻ വെള്ളം; ബസ് സർവീസ് നിർത്തിവെച്ചു

ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ എടത്വാ-തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം ജംഗ്ഷൻ വെള്ളത്തിൽ പൂർണ്ണമായി മുങ്ങി. ഇതിനെ തുടർന്ന് അമ്പലപ്പുഴ‑തിരുവല്ല സർവീസ് നിർത്തിവെച്ചു. കെ എസ് ആർ ടി സി ബസുകൾ ചക്കുളത്തുകാവ് ‑അമ്പലപ്പുഴ ആയിട്ടാണ് സർവ്വീസ് നടത്തിയത്. സ്വകാര്യ വാഹനങ്ങളുടെ സർവീസുകളും തടസപ്പെട്ടു.

റോഡിൽ രണ്ടടിയോളം വെള്ളം ഉയർന്നിട്ടുണ്ട്. നവീകരണത്തിന് ശേഷമുണ്ടായ 2018ലെ പ്രളയത്തിൽ നെടുംമ്പ്രം ഭാഗത്ത് രണ്ട് മീറ്ററോളം ഉയരത്തിൽ വെള്ളം കയറിയിരുന്നു. അമ്പലപ്പുഴ‑തിരുവല്ല സംസ്ഥാന പാതയിൽ ഏറ്റവും താഴ്ന്ന ഭാഗമാണ് നെടുമ്പ്രം. എടത്വാ ‑വീയപുരം റോഡിന്റേയും അവസ്ഥ വ്യത്യസ്ഥമല്ല. ഇവിടെയും വെള്ളം കയറിയിട്ടുണ്ട്. നീരേറ്റുപുറം-മുട്ടാർ കിടങ്ങറ, എടത്വാ — തായങ്കരി, എടത്വാ കളങ്ങര, എടത്വാ ‑കൈതത്തോട് റോഡുകളിലും വെള്ളം കയറി. എടത്വാ ഡിപ്പോയിൽ വെള്ളം കയറിയതിനേ തുടർന്ന് ബസുകൾ റോഡിലേയ്ക്ക് മാറ്റി.

സംസ്ഥാന പാത ഒഴികെയുള്ള ബൈ റോഡുകളിൽ ഗതാഗതം ഏറെക്കുറെ നിലച്ച അവസ്ഥയാണ്. അപ്പർ കുട്ടനാട്ടിലെ ഒട്ടുമിക്ക പ്രാദേശിക റോഡുകളിലും ഗതാഗതം പൂർണമായി നിലച്ചു. റോഡുകളിലൂടെ വള്ളത്തിലാണ് ഗ്രാമീണർ യാത്ര ചെയ്യുന്നത്. പ്രാദേശിക തോടുകളും ഇടത്തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. വെള്ളം ഉയർന്നതോടെ ഇരുന്നൂറിലേറെ വീടുകൾ വെള്ളത്തിൽ മുങ്ങി.

നെടുമ്പ്രം, നിരണം, മുട്ടാർ, തലവടി, എടത്വാ, വീയപുരം, തകഴി പഞ്ചായത്തുകളിലാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്. തലവടി കുതിരച്ചാൽ പുതുവൽ കോളനിയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. കോളനിയിലെ മിക്ക വീടുകളും മുട്ടോളം വെള്ളം മുങ്ങിയിട്ടുണ്ട്. അപ്പർ കുട്ടനാട്ടിൽ ആദ്യം വെള്ളത്തിൽ മുങ്ങുന്ന പ്രദേശമാണ് കുതിരച്ചാൽ കോളനി. തലവടി പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളിലും ഇതേ അവസ്ഥയാണ് നിലനിൽക്കുന്നത്.

Exit mobile version