Site iconSite icon Janayugom Online

തുര്‍ക്കി-സിറിയ; മരണസംഖ്യ 37,000 കടന്നു

തുർക്കിയിലെയും സിറിയയിലെയും ഉണ്ടായ ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം ഇന്ന് 37,000 കടന്നു. തുർക്കിയിൽ 31,643 പേരും സിറിയയിൽ 5,714 പേരും എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളിലും അവശിഷ്ടങ്ങള്‍ക്കടിയിലും ജീവനുകളുണ്ടെ എന്ന് പരിശോധിക്കുന്ന തെര്‍മ്മല്‍ ക്യാമറാ നിരീക്ഷണം തുടരുകയാണ്. 7.8 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായിട്ട് ഒരാഴ്ച പിന്നിട്ടു. മഹാദുരന്തത്തില്‍ അതിജീവിച്ചവരെ ഇനിയും കണ്ടെത്താനാവുമെന്ന പ്രതീക്ഷയാണ് രക്ഷാപ്രവര്‍ത്തകര്‍ ലോക മാധ്യമങ്ങളോട് പങ്കുവയ്ക്കുന്നത്.

അതിനിടെ തുർക്കിയിൽ തിങ്കളാഴ്ച വീണ്ടും ഭൂകമ്പമുണ്ടായി. 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 1939ന് ശേഷം തുർക്കിയിൽ ഉണ്ടായ ഏറ്റവും മാരകമായ ഭൂകമ്പമാണിത്. ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ച നഗരങ്ങളിലൊന്നായ അന്റാക്യയിൽ, മോഷണവും പതിവായിട്ടുണ്ട്. പലവ്യാപാരികളും ഇത് തടയുന്നതിനായി വിൽപ്പനയ്ക്ക് വച്ചിരുന്ന വസ്തുക്കൾ കടയിൽ നിന്നും നീക്കം ചെയ്യുകയാണ്. മറ്റ് നഗരങ്ങളിൽ നിന്നും എത്തിയവരാണ് കൊള്ളയടിക്കുന്നവരിൽ ഏറെയും. കൊള്ളക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് തയ്യിപ് എർദോഗൻ പറഞ്ഞു.

ഭൂകമ്പത്തെത്തുടർന്ന് എഴുപത് രാജ്യങ്ങളും 14 അന്താരാഷ്ട്ര സംഘടനകളും തുർക്കിക്ക് ആശ്വാസം നൽകിയതായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോസാൻ അറിയിച്ചു. ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, യുഎഇ, ഇസ്രായേൽ, റഷ്യ എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് സഹായം എത്തിച്ചത്. ഓപ്പറേഷൻ ദോസ്തിലൂടെ വലിയ രീതിയിലാണ് ഇന്ത്യ രക്ഷാപ്രവർത്തന‑ദുരിതാശ്വാസ രംഗത്തുള്ളത്. കൂടുതൽ സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾ, ഡോഗ് സ്ക്വാഡുകൾ, അവശ്യ സെർച്ച് ആൻഡ് ആക്സസ് ഉപകരണങ്ങൾ, മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വിന്യസിക്കാൻ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.

Eng­lish Sam­mury: Turkey-Syr­ia earth­quake: Death toll cross­es 37,000

 

Exit mobile version