Site iconSite icon Janayugom Online

തുര്‍ക്കി നാവികസേനയുടെ യുദ്ധക്കപ്പല്‍ പാകിസ്ഥാന്‍ തുറമുഖത്ത്

പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഇന്ത്യാ-പാകിസ്ഥാന്‍ ബന്ധം വഷളായിരിക്കേ, തുര്‍ക്കി നാവികസേനയുടെ യുദ്ധക്കപ്പല്‍ പാകിസ്താന്‍ തുറമുഖത്തെത്തി. ടിസിജി ബ്യോകോദ എന്ന കപ്പലാണ് കറാച്ചി തുറമുഖത്ത് എത്തിയത്. കപ്പല്‍ മേയ് ഏഴാം തീയതിവരെ കറാച്ചി തീരത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സൗഹൃദസന്ദര്‍ശനത്തിന്റെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സമുദ്രമേഖലാസഹകരണത്തിന്റെയും ഭാഗമായാണ് കപ്പല്‍ എത്തിയതെന്ന് പാകിസ്താന്‍ അധികൃതര്‍ അറിയിച്ചു. തുര്‍ക്കിയുടെ കപ്പലിലെ ഉദ്യോഗസ്ഥര്‍, പാകിസ്താന്റെ നാവികസേനാ ഉദ്യോഗസ്ഥരുമായി വിവിധ വിഷയങ്ങളില്‍ ആശയവിനിമയം നടത്തുമെന്നാണ് വിവരം.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തുര്‍ക്കി വ്യോമസേനയുടെ സി-130 എയര്‍ക്രാഫ്റ്റും കറാച്ചിയിലെത്തിയിരുന്നു. ഈയടുത്ത കാലത്തായി പ്രതിരോധ മേഖലയില്‍ പാകിസ്താനും തുര്‍ക്കിയും തമ്മിലുള്ള ബന്ധം ശക്തമാണ്. പാകിസ്താന്റെ അന്തര്‍വാഹിനികളുടെ നവീകരണത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നത് തുര്‍ക്കിയിലെ പ്രതിരോധ കമ്പനികളാണ്. ഡ്രോണുകള്‍ പോലെയുള്ള സൈനിക ഉപകരണങ്ങള്‍ തുര്‍ക്കിയില്‍നിന്ന് പാകിസ്താന് ലഭിക്കുന്നുമുണ്ട്. പഹൽഗാം ആക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടി ഏതുനിമിഷവും ഉണ്ടാകുമെന്ന് പാകിസ്താൻ പ്രതീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പലവിധ പ്രകോപനങ്ങൾ പാകിസ്താന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായും റിപ്പോർട്ടുകളുണ്ട്.

നിയന്ത്രണ രേഖയിൽ തുടർച്ചയായ പത്താം ദിവസവും പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചിരുന്നു. കഴിഞ്ഞദിവസം എട്ടുഭാഗത്തായിരുന്നു വെടിവെപ്പ് നടന്നത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തിരുന്നു. ചെനാബ് നദിയില്‍നിന്നുള്ള ജലമൊഴുക്ക് വെട്ടിക്കുറയ്ക്കുന്നത് അടക്കമുള്ള നടപടികൾ പാകിസ്താനെതിരേ കഴിഞ്ഞദിവസം ഇന്ത്യ കൈക്കൊണ്ടിരുന്നു. പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, മുന്‍മന്ത്രി ബിലാവല്‍ ഭൂട്ടോ എന്നിവരുടെ എക്‌സ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ വിലക്കി. മ്യുണിഷന്‍സ് ഇന്ത്യ ലിമിറ്റഡിനുകീഴിലെ 12 ആയുധനിര്‍മാണശാലകളിലെ ജീവനക്കാരുടെ ദീര്‍ഘകാല അവധികള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ, ഇന്ത്യന്‍ പതാകയേന്തിയ കപ്പലുകള്‍ പാക് തുറമുഖങ്ങളില്‍ പ്രവേശിക്കുന്നത് പാകിസ്താന്‍ വിലക്കിയിട്ടുണ്ട്.

പാക് കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പാകിസ്താന്‍ കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയതുള്‍പ്പെടെ കഴിഞ്ഞദിവസം ഇന്ത്യ പ്രഖ്യാപിച്ച ഉപരോധനടപടികള്‍ക്ക് മറുപടിയായാണിത്. വ്യോമസേനാമേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എപി സിങ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. സുരക്ഷാസ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി മൂന്ന് സേനാമേധാവികളുമായും നടത്തുന്ന ചര്‍ച്ചകളുടെ ഭാഗമായ കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു. കഴിഞ്ഞദിവസം വൈകീട്ട് നാവികസേനാമേധാവി അഡ്മിറല്‍ ദിനേഷ് ത്രിപാഠിയുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.

Exit mobile version