Site iconSite icon Janayugom Online

തുര്‍ക്കി സെെനിക വിമാനം തകര്‍ന്നു വീണു; വിമാനത്തിലുണ്ടായിരുന്നത് 20 പേര്‍

ജോർജിയ- അസര്‍ബെെജാന്‍ അതിര്‍ത്തിക്ക് സമീപം 20 ഉദ്യോഗസ്ഥരുമായി പോയ ഒരു തുർക്കി സൈനിക ചരക്ക് വിമാനം തകർന്നുവീണു. അസർബൈജാനിൽ നിന്ന് തുര്‍ക്കിയിലേക്ക് മടങ്ങുന്നതിനിടെയാണ് സി-130 വിമാനം അപകടത്തില്‍പ്പെട്ടത്. മരണസംഖ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംയുക്ത തെരച്ചിലും രക്ഷാപ്രവർത്തനങ്ങളും ആരംഭിച്ചതായി തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കിഴക്കൻ ജോർജിയയിലെ കഖേതി മേഖലയിലെ സിഗ്നാഗിയിലാണ് വിമാനം തകർന്നുവീണത്.

വിമാന ജീവനക്കാർ ഉൾപ്പെടെ 20 പേർ കാർഗോ വിമാനത്തിൽ ഉണ്ടായിരുന്നതായും അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു. വിമാനം ജോർജിയൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിന് ഏതാനും മിനിറ്റുകൾക്ക് ശേഷം റഡാർ ബന്ധം നഷ്ടപ്പെട്ടതായി ജോർജിയൻ എയർ നാവിഗേഷൻ അതോറിട്ടിയുടെ പ്രസ്താവന ഉദ്ധരിച്ച് തുർക്കി ടുഡേ റിപ്പോർട്ട് ചെയ്തു. അപകടത്തെക്കുറിച്ച് അറിഞ്ഞത് അഗാധമായ ദുഃഖത്തോടെയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ പറഞ്ഞു. അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

അപകടത്തിന്റെ കാരണം വ്യക്തമല്ല. സൈനികരെയും ഉപകരണങ്ങളെയും കൊണ്ടുപോകാൻ തുര്‍ക്കി സേന സി-130 വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള വ്യോമസേനകൾ വ്യാപകമായി ഉപയോഗിക്കുന്ന സി-130 ഹെർക്കുലീസ് കാർഗോ, സൈനിക, ഉപകരണ വാഹക വിമാനമാണ്. യുഎസ് കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിനാണ് നിര്‍മ്മാതാക്കള്‍.

Exit mobile version