പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പിടിയിൽ. വർക്കല അയിരൂർ സ്വദേശി ഹസൻകുട്ടി (കബീർ‑50) ആണ് പ്രത്യേകാന്വേഷണ സംഘത്തിന്റെ പിടിയിലായത്. കുട്ടിയെ ഉപേക്ഷിച്ചശേഷം കടന്നുകളഞ്ഞ പ്രതിയെ കൊല്ലം ചിന്നക്കടയിൽ നിന്നാണ് ഡിസിപി പി നിധിൻരാജിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചത്. ഫെബ്രുവരി 19ന് രാത്രിയാണ് ഓൾ സെയിന്റ്‌സ് കോളജിന് സമീപത്ത് കഴിയുന്ന നാടോടി ദമ്പതികളുടെ കുട്ടിയെ ഹസൻ തട്ടിയെടുത്തത്.
പോക്‌സോയടക്കം നിരവധി കേസിൽ പ്രതിയായ ഹസൻകുട്ടി ജനുവരി 12 നാണ് പുറത്തിറങ്ങിയത്. സംഭവ ദിവസം കൊല്ലത്ത് നിന്നുവന്ന പ്രതി യാദൃശ്ചികമായാണ് നാടോടി കുടുംബത്തിലെ കുട്ടിയെ കണ്ടത്. കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു ലക്ഷ്യം. അരമണിക്കൂറിലധികം കാത്തുനിന്ന ശേഷമാണ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിയെടുത്തത്. കരയാൻ തുടങ്ങിയ കുഞ്ഞിന്റെ വാ മൂടിപ്പിടിച്ച് റെയിൽവേ ട്രാക്കിലൂടെ നടന്നുപോയി. കുട്ടിക്ക് അനക്കമില്ലാതായതോടെ മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്.
കുട്ടിയെ ഉപേക്ഷിച്ച ശേഷം രാവിലെ തമ്പാനൂരിൽ എത്തി പ്രതി ബസിൽ കയറി പോവുകയായിരുന്നു. ആറ്റിങ്ങൽ, വർക്കല, ആലുവ, പളനി എന്നിവിടങ്ങളിൽ പോയ ശേഷമാണ് കൊല്ലത്ത് തിരിച്ചെത്തിയത് എന്നാണ് പ്രതി നൽകിയിരിക്കുന്ന മൊഴി. മൊബൈൽ ഫോൺ വിരളമായി ഉപയോഗിക്കുന്ന സ്വഭാവക്കാരനായതിനാൽ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയതെന്ന് സിറ്റി പൊലീസ് മേധാവി സി എച്ച് നാഗരാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹസൻകുട്ടിയെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും. തുടർന്ന് കോടതിയിൽ ഹാജരാക്കും.
English Summary: tvm child abduction case
You may also like this video
You may also like this video