Site iconSite icon Janayugom Online

ശക്തികേന്ദ്രങ്ങളിൽ കാലിടറി ട്വന്റി 20

തദ്ദേശ തെരഞ്ഞെടുപ്പിൽ ശക്തികേന്ദ്രങ്ങളിൽ കാലിടറി ട്വന്റി 20. അധികാരത്തിലിരുന്ന രണ്ട് പഞ്ചായത്തുകളും ഒരു ബ്ലോക്ക് പഞ്ചായത്തും നഷ്ടമായപ്പോൾ ഒരു പഞ്ചായത്ത് അധികമായി നേടാൻ അവര്‍ക്ക് കഴിഞ്ഞു. കിഴക്കമ്പലം മാതൃക സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനിറങ്ങിയ ട്വന്റി 20ക്ക് സ്വന്തം തട്ടകങ്ങളിലടക്കം അടിപതറുകയായിരുന്നു. ഭരണത്തിലിരുന്ന നാല് പഞ്ചായത്തുകളിൽ രണ്ടെണ്ണം കൈവിട്ടു, കുന്നത്തുനാടും മഴുവന്നൂരും. ഐക്കരനാട് പഞ്ചായത്തിൽ മുഴുവൻ വാർഡുകളിലും ജയിച്ചതും തിരുവാണിയൂരിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയതും നേട്ടമായി പറയാം. 

സാബു എം ജേക്കബിന്റെ പഞ്ചായത്തായ കിഴക്കമ്പലത്ത് അവസാന ഘട്ടം വരെ കടുത്ത മത്സരമാണ് നേരിട്ടത്. കഴിഞ്ഞ തവണ ഒരു വാർഡ് മാത്രം നഷ്ടമായിടത്ത് ഇത്തവണ ജയിച്ചത് 21ൽ 15 ഇടത്ത്. കഴിഞ്ഞ തവണ ജയിച്ച വടവുകോട് ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്ത് ഡിവിഷനും ഇത്തവണ കൈവിട്ടു. ട്വന്റി 20ക്കെതിരെ പ്രധാന പാർട്ടികളെല്ലാം ഐക്യ മുന്നണിയായി പ്രവർത്തിച്ചത് തിരിച്ചടിയായെന്നാണ് ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന്റെ വിശദീകരണം. 

എന്നാൽ, ഈ മറുപടി കൊണ്ടു മാത്രം ശക്തികേന്ദ്രങ്ങളിലെ തിരിച്ചടി ന്യായീകരിക്കാൻ ട്വന്റി 20 നേതൃത്വത്തിനാകില്ല. സാബു എം ജേക്കബിനോടുള്ള വിയോജിപ്പുകളുടെ പേരിൽ ട്വന്റി 20 വിട്ടവർ നിരവധിയാണ്. കിഴക്കമ്പലത്ത് ഹിറ്റായ ഭക്ഷ്യ സുരക്ഷ മാർക്കറ്റ് അടഞ്ഞു കിടക്കുന്നത് മറ്റൊരു കാരണം.

Exit mobile version