Site iconSite icon Janayugom Online

വിവിധ അപകടങ്ങളിൽ ഇരുപത്തിനാല് പേർക്ക് പരിക്ക്

ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങിയ രണ്ട് വാഹനങ്ങളും ഈരാറ്റുപേട്ടയിൽ സ്കൂട്ടറും അപകടത്തിൽപെട്ട് 24 പേർക്ക് പരിക്ക്. ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ ബസ് അപകടത്തിൽപെട്ട് ഇരുപത് പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട വാഹനം മരത്തിലിടിച്ചായിരുന്നു അപകടം. ആലപ്പുഴയിൽനിന്നുള്ള വിനോദ സഞ്ചാരികളുടെ വാഹനമാണ് മാന്താനം ഭാഗത്ത് അപകടത്തിൽപെട്ടത്. സന്ദർശനം കഴിഞ്ഞ് മടങ്ങവേ ഇറക്കത്തിൽ ബസ്സിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. റോഡരികിലെ റബർ മരത്തിലിടിച്ചാണ് ബസ് നിന്നത്. താഴേക്ക് പതിച്ചിരുന്നെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നു. കുട്ടികളടക്കമുള്ളവർക്കാണ് പരിക്ക്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ ആലപ്പുഴ സ്വദേശികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കൾക്കും പരിക്കേറ്റു. മേലടുക്കം റൂട്ടിലാണ് അപകടമുണ്ടായത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ബൈക്ക് റബർ തോട്ടത്തിലൂടെ താഴേക്ക് പതിച്ചു. യാത്രക്കാരിലൊരാളുടെ തലക്ക് സാരമായി പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴ അരൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഈരാറ്റുപേട്ട വടക്കേക്കരയിൽ പിക്അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിതാവിനും മകനും പരിക്കേറ്റു. പ്ലാശനാൽ സ്വദേശികളായ മനോജ് (50), മകൻ അശ്വിൻ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സ്കൂട്ടർ പൂർണമായി തകർന്നു. 

Exit mobile version