ഗുജറാത്തിലെ റെയില്‍വെ പാളത്തിലെ ഫിഷ്‌പ്ലേറ്റുകള്‍ നീക്കം ചെയ്യുകയും ബോള്‍ട്ടുകള്‍ ഇളക്കിവയ്ക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ അറസ്റ്റില്‍. ഒരു ദിവസത്തെ അവധിക്കും ബഹുമതികള്‍ക്കും വേണ്ടിയാണ് അട്ടിമറി ശ്രമം നടത്തിയതെന്നാണ് കണ്ടെത്തല്‍. രാജ്യത്ത് ട്രെയിന്‍ അട്ടിമറി ശ്രമങ്ങള്‍ തുടര്‍ക്കഥയാകുന്നതിനിടെ ഗുജറാത്തിലെ സംഭവം ഏറെ ആശങ്കയ്ക്ക് കാരണമായിരുന്നു.
സുഭാഷ് പോഡര്‍, മനീഷ് മിസ്ത്രി, ശുഭം ജയ്സ്വാള്‍ എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 21നായിരുന്നു സംഭവം. പുലര്‍ച്ചെ അഞ്ച് മണിയോടെ പതിവ് പരിശോധനയ്ക്കിടെ ഫിഷ‌്പ്ലേറ്റുകളും ബോള്‍ട്ടുകളും ഇളകിയ നിലയില്‍ കണ്ടെത്തിയെന്ന് പ്രതികള്‍ തന്നെയാണ് അറിയിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അയച്ചുനല്‍കുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
എന്നാല്‍ അട്ടിമറി ശ്രമം കണ്ടെത്തുന്നതിന് തൊട്ടുമുമ്പ് ട്രെയിനുകള്‍ അപകടമില്ലാതെ കടന്നുപോയിരുന്നു. പരിചയസമ്പന്നരല്ലാത്തവര്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം ബോള്‍ട്ടുകളും പ്ലേറ്റുകളും നീക്കം ചെയ്യാന്‍ കഴിയില്ലെന്ന നിഗമനമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
അമിതമായ ജോലി സമ്മര്‍ദത്തെത്തുടര്‍ന്ന് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും സമയോചിതമായ ഇടപെടലില്‍ അട്ടിമറിശ്രമം തടഞ്ഞതിലൂടെ ബഹുമതിയും അവധിയും ലഭിക്കുമെന്ന് കരുതിയാണ് ഇത്തരത്തില്‍ ചെയ്തതെന്നും പ്രതികള്‍ പറഞ്ഞു.