Site iconSite icon Janayugom Online

ന്യൂയോര്‍ക്ക് ടൈംസിന്റെ സ്വര്‍ണ ബാഡ്ജ് നീക്കം ചെയ്ത് ട്വിറ്റർ

പണമടച്ച് ട്വിറ്റര്‍ അക്കൗണ്ടുകള്‍ വെരി‍ഫൈ ചെയ്യാന്‍ തയ്യാറല്ലെന്ന് അറിയിച്ചതിന് പിന്നാലെ ന്യൂയോര്‍ക്ക് ടൈംസിന്റെ അക്കൗണ്ടിൽ നിന്ന് സ്വര്‍ണ ബാഡ്ജ് നീക്കം ചെയ്ത് ട്വിറ്റർ. ഏപ്രിൽ ഒന്നുമുതൽ ബാഡ്ജുകൾക്ക് പണം നൽകുന്ന സംവിധാനം നിലവിൽ വരുന്നതിന്റെ ഭാഗമായാണ് നീക്കം. പണമടയ്ക്കില്ലെന്ന് വ്യക്തമാക്കിയതോടെ കടുത്ത വിമർശനമാണ് കമ്പനിക്കെതിരെ ട്വിറ്റർ ഉടമ ഇലോൺ മസ്ക് ഉന്നയിക്കുന്നത്. ന്യൂയോർക്ക് ടൈംസിന്റേത് ട്വിറ്ററിനെതിരായ പ്രചാരവേലയെന്നും എന്നാൽ അത് ശ്രദ്ധ നേടുന്നില്ലെന്നതാണ് വലിയ ദുരന്തമെന്നുമായിരുന്നു മസ്കിന്റെ പരിഹാസം. അവരുടെ ട്വിറ്റർ ഫീഡ് അസഹനീയമെന്നും മസ്ക് വിമർശിച്ചു.

റിപ്പോർട്ടിങ് ആവശ്യവുമായി ബന്ധപ്പെട്ട് നിര്‍ബന്ധമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കായി മാത്രം ബ്ലൂ ടിക് സബ്‌സ്‌ക്രൈബ് ചെയ്യുമെന്നാണ് ന്യൂയോര്‍ക്ക് ടെെംസ് വ്യക്തമാക്കിയത്. എങ്കിലും അതിന്റെ ട്രാവല്‍, ഒപീനിയന്‍ തുടങ്ങിയ സെക്ഷനുകള്‍ ബ്ലൂ ടിക് നിലനിര്‍ത്തിയിട്ടുണ്ട്. പണം നൽകിയുള്ള സബ്സ്ക്രിബ്ഷൻ പ്രാബല്യത്തിൽ വന്നെങ്കിലും ചുരുക്കം ചില അക്കൗണ്ടുകളുടെ വെരിഫിക്കേഷൻ മാത്രമേ റദ്ദാക്കിയിട്ടുള്ളു എന്നാണ് വിദഗ്‍ധര്‍ വിലയിരുത്തുന്നത്. അതിനാൽ ന്യൂയോർക്ക് ടൈംസിനോടുള്ള ട്വിറ്ററിന്റെ പ്രതികരണം വൈരാഗ്യ ബുദ്ധിയോടെയെന്ന് ചിലർ വിലയിരുത്തുന്നു. ഇലോണ്‍ മസ്ക് കമ്പനിക്കെതിരെ വിമര്‍ശനമുന്നയിച്ചതും ഈ സാധ്യതയ്ക്ക് ബലം നല്‍കുന്നു.

ബ്ലൂ ടിക്കിനായി അധികം പണം നല്‍കാന്‍ കഴിയില്ലെന്ന് വൈറ്റ് ഹൗസും അറിയിച്ചിട്ടുണ്ട്. ലോസ് ആഞ്ചല്‍സ് ടൈംസ് പോലുള്ള മറ്റ് പ്രസിദ്ധീകരണങ്ങളും ലെബ്രോണ്‍ ജെയിംസ് ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും വെരിഫിക്കേഷന് പണം നല്‍കില്ലെന്ന പ്രസ്താവനയുമായി രംഗത്ത് വന്നിരുന്നു.

വെരിഫൈ ചെയ്ത അക്കൗണ്ടുകളാണെന്ന് തെളിയിക്കാനുള്ള ബ്ലൂ ടിക്കുകള്‍ക്കും ഗോള്‍ഡന്‍ ബാഡ്ജുകള്‍ക്കും പണം ഈടാക്കും എന്നതായിരുന്നു മസ്ക് ഏറ്റെടുത്തിനു പിന്നാലെ ട്വിറ്ററില്‍ വരുത്തിയ പ്രധാന മാറ്റം. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തിൽ വരുമെന്ന് ട്വിറ്റര്‍ പ്രഖ്യാപിച്ചിരുന്നു. ഫോളേവേഴ്സിനെ നോക്കി ട്വിറ്റർ തന്നെയായിരുന്നു ഇത് നൽകിയിരുന്നത്. ബാഡ്ജ് നിലനിര്‍ത്തണമെങ്കില്‍ ഏപ്രിൽ ഒന്ന് മുതല്‍ 1000 ഡോളര്‍ നല്‍കണമെന്നായിരുന്നു മസ്കിന്റെ പ്രഖ്യാപനം.

 

Eng­lish Sam­mury: Twit­ter removes New York Times Gold Ver­i­fied Badge

 

Exit mobile version