വാഷിങ്ടൺ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിൽ കൂട്ടപിരിച്ചുവിടൽ ആരംഭിച്ചു. താല്കാലികമായി ഓഫീസുകൾ അടച്ചിടുകയാണെന്നും പിരിച്ചുവിടുന്ന ജീവനക്കാരുടെ വിവരങ്ങൾ ഇമെയിൽ വഴി അറിയിക്കുമെന്നും ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ ട്വിറ്റര്‍ വ്യക്തമാക്കുന്നു. ഇന്ത്യക്കാരെയാണ് പിരിച്ചുവിടല്‍ ഏറ്റവും മോശമായി ബാധിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകമെമ്പാടുമുള്ള ട്വിറ്റര്‍ ജീവനക്കാരില്‍ 3700 പേരെ പിരിച്ചുവിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലുള്ള ഇരുന്നൂറ് ജീവനക്കാരില്‍ ഭൂരിഭാഗം പേരും പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടുന്നു. എന്‍ജിനീയറിങ്, സെയില്‍സ്, മാര്‍ക്കറ്റിങ്, കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലുള്ളവരെയാണ് പുറത്താക്കിയിരിക്കുന്നത്. കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ മുഴുവന്‍ ആളുകളെയും പിരിച്ചുവിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോടീശ്വരനായ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു.
വ്യാജ അക്കൗണ്ടുകളെ കുറിച്ച് തെറ്റായ വിവരം നൽകിയെന്നാരോപിച്ച് സിഇഒ ആയിരുന്ന പരാഗ് അഗര്‍വാൾ ഉൾപ്പെടെയുള്ള ഉന്നത ജീവനക്കാരെ ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മസ്ക് പിരിച്ചുവിട്ടിരുന്നു.
ട്വിറ്ററിനെ ആരോഗ്യകരമായ പാതയിലേക്ക് എത്തിക്കുന്നതിന് ആഗോളതലത്തിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കേണ്ട പ്രക്രിയ നടപ്പാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഓഫിസുകൾ താല്കാലികമായി അടച്ചിടുകയാണ്. ജീവനക്കാരുടെയും കസ്റ്റമർ ഡാറ്റകളുടെയും ട്വിറ്റർ സംവിധാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ആർക്കും പ്രവേശനം ഉണ്ടാകില്ല. നിങ്ങൾ ഓഫീസിലോ, അവിടേക്കുള്ള യാത്രയിലോ ആണെങ്കിൽ, ദയവായി വീട്ടിലേക്ക് മടങ്ങിപോകണമെന്നും ഇമെയിലില്‍ പറയുന്നു.
ക്ലൗഡ് സർവീസിൽ ഉൾപ്പടെ ചെലവുകൾ വെട്ടിക്കുറയ്ക്കാനും മസ്ക് പദ്ധതിയിടുന്നുണ്ട്. 15 മുതല്‍ 30 ലക്ഷം ഡോളർ ഇത്തരത്തിൽ പ്രതിദിനം കുറയ്ക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമ്മാണ കമ്പനിയായ ടെസ്‍ലയുടേയും സ്പേസ് എക്സിന്റെയും ഉടമസ്ഥനായ മസ്ക് 44 ബില്ല്യൺ യുഎസ് ഡോളറിനായിരുന്നു ട്വിറ്റർ ഏറ്റെടുത്തത്. അതേസമയം യുഎസിലടക്കം പിരിച്ചുവിടലിനെതിരെ ജീവനക്കാര്‍ കോടതികളെ സമീപിച്ചിട്ടുണ്ട്.
English Summary: Twitter starts laying off staff in India
You may also like this video