Site iconSite icon Janayugom Online

200 കിലോയുള്ള രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് സംയോജിപ്പിക്കും; സ്‌പാഡെക്‌സ് ദൗത്യം നാളെ

ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് ആദ്യമായി കൂട്ടിച്ചേര്‍ക്കുന്ന അതിസങ്കീര്‍ണ ഡോക്കിങ് പരീക്ഷണം നാളെ നടക്കും. സ്പാഡെക്സ് എന്നാണ് ഈ ദൗത്യത്തിന്റെ പേര്. രാത്രി 9.58നാണ് ഇരട്ട പേടകങ്ങളുമായി ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി60 വിക്ഷേപണ വാഹനം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് കുതിച്ചുയരുക. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയില്‍ മറ്റൊരു നാഴികക്കല്ലായി ഇത് മാറുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ എസ് സോമനാഥ് പറഞ്ഞു. 

ഭാവി ചാന്ദ്രദൗത്യങ്ങളിലും രാജ്യത്തിന്റെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ നിര്‍മ്മാണത്തിനും അനിവാര്യമായ സാങ്കേതികവിദ്യയായ ഡോക്കിങ്ങിന്റെ ചരിത്ര പരീക്ഷണമാണ് സ്‌പാഡെക്സ് ദൗത്യം. പിഎസ്എല്‍വി-സി60 റോക്കറ്റ് വിക്ഷേപിക്കുന്ന രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ 470 കിലോമീറ്റര്‍ ഉയരത്തിലുള്ള സര്‍ക്കുലര്‍ ലോ-എര്‍ത്ത് ഓര്‍ബിറ്റില്‍ വച്ച് കൂട്ടിച്ചേര്‍ക്കുകയാണ് ലക്ഷ്യം. എസ്‌ഡിഎക്‌സ് 01, എസ്‌ഡിഎക്‌സ് 02 എന്നിങ്ങനെയാണ് ഈ ഉപഗ്രഹങ്ങളുടെ പേര്. 

രണ്ട് ഉപഗ്രഹങ്ങള്‍ക്കും ഏതാണ്ട് 220 കിലോഗ്രാം വീതമാണ് ഭാരം. ഒറ്റ വിക്ഷേപണത്തിന് ശേഷം വേര്‍പെടുന്ന ഈ പേടകങ്ങള്‍ തമ്മിലുള്ള അകലം അഞ്ച് കിലോമീറ്റര്‍, 1.5 കിലോമീറ്റര്‍, 500,15,3മീറ്റര്‍ എന്നിങ്ങനെ പതിയെ പതിയെ കുറച്ചുകൊണ്ടുവന്നാണ് ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുക (ഡോക്കിങ്). സ്പാഡെക്സ് ദൗത്യം 66 ദിവസം നീണ്ടുനില്‍ക്കും.

Exit mobile version