Site iconSite icon Janayugom Online

ഒരേ പേരില്‍ രണ്ട് മൃതദേഹങ്ങള്‍; മാറി നല്‍കി ഏജന്‍സി, അബന്ധം മനസിലായത് അവസാന നിമിഷം

മുംബൈയില്‍ കാൻസർ ബാധിച്ച് മരിച്ച കൊച്ചി സ്വദേശിയുടെ മൃതദേഹം മാറി നല്‍കി ഏജന്‍സി. ആള് മാറിയത് തിരിച്ചറിഞ്ഞത് സംസ്കാരത്തിന് തൊട്ടമുമ്പ് മാത്രം. ഇലഞ്ഞിക്കടത്ത് പെരുമ്പടവം സ്വദേശിയായ ജോര്‍ജ് കെ ഐപ്പിന്റെ മൃതദേഹത്തിന് പകരം വീട്ടിലെത്തിച്ചത് പത്തനംതിട്ട സ്വദേശിയായ ജോര്‍ജിന്റെ മൃതദേഹം. 

മുംബൈയിൽ താമസമായിരുന്ന ജോർജ് കെ ഐപ്പ് (59) അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുമ്പ് അസുഖം മൂര്‍ച്ഛിച്ച് മരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ഭാര്യ ഷൈനിയും മകൻ അബിനും തീരുമാനിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ നിന്ന് സ്വീകരിച്ച് നാട്ടിലെത്തിക്കാൻ ഒരു ഏജൻസിയെ ചുമതലപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തലെത്തിച്ച മൃതദേഹം ബന്ധുക്കൾ പിറവത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ മൃതദേഹം സംസ്കാര ശുശ്രൂഷകൾക്കായി പെട്ടിതുറന്നപ്പോഴാണ് മൃതദേഹം
ജോര്‍ജ് കെ ഐപ്പിന്റേതല്ലെന്ന് മനസിലായത്.

ഏജന്‍സിയെ ബന്ധപ്പെട്ടപ്പോഴാണ് മൃതദേഹം ആരുടേതാണെന്ന് വ്യക്തമായത്. ശവപ്പെട്ടിയിൽ രേഖപ്പെടുത്തിയിരുന്നത് ഒരേ പേര് ആയിരുന്നതിനാൽ ഏജൻസിക്കാർക്ക് തെറ്റു പറ്റിയതായിരുന്നു. തുടർന്ന് പത്തനംതിട്ട സ്വദേശിയായ ജോര്‍ജിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഒപ്പം ഏജൻസിയെ ബന്ധപ്പെട്ട് ജോർജ് കെ ഐപ്പിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു.തെറ്റ് മനസിലായ ഏജൻസി ഇന്നലെ തന്നെ ജോര്‍ജ് കെ ഐപ്പിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചിരുന്നു.സംസ്കാര ശുശ്രൂഷകള്‍ പൂർത്തിയാക്കിയ ശേഷം ഇന്ന് രാവിലെ 11.30ന് സംസ്കരിക്കും.

Exit mobile version