രണ്ട് കോടിയിലധികം ആധാർ നമ്പറുകള്‍ നീക്കം ചെയ്ത് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഓഫ് ഇന്ത്യ (യുഐഡിഎഐ). രാജ്യവ്യാപകമായി ഡാറ്റാബേസ് അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്രയധികം ആധാർ നമ്പറുകള്‍ നീക്കം ചെയ്യുന്നത്. മരിച്ച വ്യക്തികളുടെ ആധാർ നമ്പറുകളാണ് ഒഴിവാക്കിയത് എന്ന് ഇലക്ട്രോണിക്‌സ് & ഐടി മന്ത്രാലയം അറിയിച്ചു.
ആധാർ ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാനും ക്ഷേമ ആനുകൂല്യങ്ങൾക്കായി ആധാർ നമ്പറുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനും ഈ അപ്‌ഡേഷൻ പ്രവർത്തനങ്ങള്‍ സഹായകമാകുമെന്ന് യുഐഡിഎഐ അറിയിച്ചു. നീക്കം ചെയ്യപ്പെട്ട ആധാർ നമ്പറുകള്‍ പിന്നീട് മറ്റാർക്കും നല്‍കില്ലെന്നും അതോറിട്ടി വ്യക്തമാക്കി.
കുടുംബാംഗങ്ങളുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഈ വർഷം മൈ ആധാര്‍ പോര്‍ട്ടലില്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. സിവിൽ രജിസ്ട്രേഷൻ സിസ്റ്റം ഉപയോഗിക്കുന്ന 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിലവിൽ ഈ സേവനം ലഭ്യമാണ്. ശേഷിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ സൗകര്യം എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് അതോറിട്ടി പറഞ്ഞു.
രണ്ടുകോടി ആധാര്‍ നമ്പറുകള്‍ നീക്കി

