Site iconSite icon Janayugom Online

ശബരിമല ഭണ്ഡാരത്തില്‍നിന്ന് വിദേശകറന്‍സിയടക്കം വായ്ക്കുള്ളിലാക്കി കടത്തി; രണ്ട് ദേവസ്വം ജീവനക്കാര്‍ പിടിയില്‍

ക്ഷേത്രഭണ്ഡാരത്തില്‍നിന്ന് വിദേശകറന്‍സികളും, സ്വര്‍ണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാര്‍ അറസ്റ്റില്‍. ആലപ്പുഴ കൊടുപ്പുന്ന മനയില്‍ വീട്ടില്‍ എം ജി ഗോപകുമാര്‍ , കൈനകരി നാലുപുരയ്ക്കല്‍ സുനില്‍ ജി നായര്‍ എന്നിവരാണ് ദേവസ്വം വിജിലന്‍സിന്റെ പിടിയിലായത്. രണ്ടുപേരും താത്കാലിക ജീവനക്കാരാണ്. സന്നിധാനം പൊലീസ് ഇവരെ കൈമാറി ജോലികഴിഞ്ഞ് ഇറങ്ങുമ്പോൾ നടത്തിയ പരിശോധനയിൽ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. 

വിദേശകറൻസികളിൽ കോട്ടിങ് ഉള്ളതിനാൽ വായിൽ ഇട്ടാലും കേടാകില്ല. അതാണ് പ്രതികൾ പ്രയോജനപ്പെടുത്തിയത്. ഗോപകുമാറിൽനിന്ന് മലേഷ്യൻ കറൻസിയും സുനിലിൽനിന്ന് യുറോ, കനേഡിയൻ, യുഎഇ കറൻസികളുമാണ് കണ്ടെടുത്തത്. ഇവരുടെ മുറികളിൽ നടത്തിയ പരിശോധനയിൽ ഗോപകുമാറിന്റെ ബാഗിൽനിന്ന് 500 രൂപയുടെ 27 നോട്ടും 100ന്റെ രണ്ടുനോട്ടും ഇരുപതിന്റെ നാല് നോട്ടും പത്തിന്റെ നാല് നോട്ടും ഉൾെപ്പടെ 13,820 രൂപയും രണ്ട് ഗ്രാമിന്റെ സ്വർണലോക്കറ്റും കണ്ടെടുത്തു. സുനിൽ ജി.നായരുടെ ബാഗിൽനിന്ന് 500 രൂപയുടെ 50 നോട്ടും 17 വിദേശ കറൻസികളും അടക്കം 25,000 രൂപ കണ്ടെടുത്തതായി വിജിലൻസ് എസ്‌പി വിസുനിൽകുമാർ അറിയിച്ചു.

ശബരിമല സന്നിധാനത്തുനിന്ന് തുടർച്ചയായി പണം അയച്ചിരുന്ന ദേവസ്വം ജീവനക്കാരുടെ പട്ടിക തപാൽ ഒാഫീസിനോടും ബാങ്കുകളോടും ആവശ്യപ്പെട്ടതായി വിജിലൻസ് എസ്‌പി അറിയിച്ചു. കൂടെക്കൂടെ പലരും പണം അയക്കുന്നതായി കണ്ടെത്തി. ഇവരെ ചോദ്യംചെയ്യും. ഇത്രയേറെ പണം സന്നിധാനത്തുവെച്ച് ഇവർക്ക് കൈവന്നത് എങ്ങനെയെന്നതും നോക്കണം. ഇടപാട് വിവരങ്ങൾ തരാൻ തപാൽവകുപ്പും ബാങ്കുകളും സമ്മതം അറിയിച്ചിട്ടുണ്ട്. കൈക്കൂലി, മോഷണമുതലുകളാണോ ഇവർ സ്ഥിരമായി കൈമാറ്റം ചെയ്തുവന്നത് എന്ന് പരിശോധിക്കും.

Exit mobile version