സംസ്ഥാനത്തെ ഇ സഞ്ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട് എന്നീ രണ്ട് സംരംഭങ്ങൾക്ക് ഗവേണസ് നൗവിന്റെ നാലാമത് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ അവാർഡ് ലഭിച്ചു. കോവിഡ് മാനേജ്മെന്റിൽ ടെലിമെഡിസിൻ സേവനങ്ങൾ നൂതനമായി അവതരിപ്പിച്ചതിനും കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി കാസ്പ് പദ്ധതിയുടെ ഓൺലൈൻ പ്ലാറ്റ്ഫോമായ ട്രാൻസാക്ഷൻ മാനേജ്മെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചതിനുമാണ് അവാർഡ് ലഭിച്ചത്.
നാലാമത് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സമ്മിറ്റിൽ വച്ച് അവാർഡ് സമ്മാനിച്ചു. കോവിഡ് കാലത്ത് കേരളം നടത്തിയ മികച്ച ഇ സഞ്ജീവനി ടെലി മെഡിസിൻ സേവനങ്ങൾക്കുള്ള അംഗീകാരമാണ് ഈ അവാർഡെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. കോവിഡ് കാലത്ത് ആശുപത്രി തിരക്ക് കുറയ്ക്കുന്നതിനും ജനങ്ങൾക്ക് മികച്ച ചികിത്സയും തുടർചികിത്സയും നൽകാനായി. ഇതുവരെ 2.9 ലക്ഷം പേർക്കാണ് ഇ സഞ്ജീവനി വഴി ചികിത്സ നൽകിയത്. 47 സ്പെഷ്യാലിറ്റി ഒപികളാണ് ഇ സഞ്ജീവനിയിലുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്പെഷ്യാലിറ്റി ഒപികൾ ഉള്ളത് കേരളത്തിലാണ്. സംസ്ഥാനത്ത് മാത്രമാണ് കോവിഡ് ഒപി 24 മണിക്കൂറും പ്രവർത്തിക്കുന്നത്.
കാരുണ്യ ബനവലന്റ് ഫണ്ട് കാസ്പിന്റെ ട്രാൻസാക്ഷൻ മാനേജ്മെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചതിലൂടെ കാസ്പ് പദ്ധതിയുടെ ചികിത്സ ലഭ്യമാകുന്നതാണ്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ എംപാനൽ ആയിട്ടുള്ള എല്ലാ ആശുപത്രികളിൽ നിന്നും ഈ പദ്ധതിയിൽ ലഭ്യമായിട്ടുള്ള എല്ലാ ചികിത്സ സൗകര്യങ്ങളും ബനവലന്റ് ഫണ്ട് പദ്ധതിയിലും ലഭ്യമാക്കിയിട്ടുണ്ട്. 10,000 ത്തോളം ഗുണഭോക്താക്കൾക്ക് 64 കോടി രൂപയുടെ ചികിത്സാ സഹായം ബനവലന്റ് ഫണ്ട് പദ്ധതിയിലൂടെ നൽകാൻ ഈ സംയോജനം വഴി സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
english summary; Two Digital Transformation Awards for Kerala
you may also like this video;