ജമ്മുകശ്മീരില്‍ പത്ത് മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങള്‍. റിക്ടർ സ്കെയിലിൽ 4.9, 4.8 തീവ്രത രേഖപ്പെടുത്തിയ ചലനങ്ങളാണ് ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനം രാവിലെ 6:45 നും റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ചലനം 6:52 നുമാണ് ഉണ്ടായത്. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആദ്യത്തെ ഭൂചലനം അഞ്ച് കി.മീ. ആഴത്തിലും രണ്ടാമത്തെ ഭൂചലനം 10 കിലോമീറ്റർ ആഴത്തിലുമാണ് അനുഭവപ്പെട്ടത്. പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍നിന്നും ഇറങ്ങിയോടി. സംഭവത്തില്‍ ജീവഹാനിയോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ഭൂകമ്പ സാധ്യതയുള്ള പ്രദേശമായതിനാലാണ് താഴ്വരയിലെ ആളുകള്‍ക്കിടയില്‍ ഇത്തരം തുടര്‍ ചലനങ്ങള്‍ പരിഭ്രാന്തിയുണ്ടാക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. 2005 ഒക്‌ടോബർ 8‑ന് റിക്ടർ സ്‌കെയിലിൽ 7.6 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കശ്മീരിലെ നിയന്ത്രണ രേഖയിൽ 80,000‑ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.