കാനഡയിലെ മാർക്ക് കാർണിയുടെ മന്ത്രിസഭയിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതകളും ഇടംനേടി. ഇരുവരും മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭയിലെ അംഗങ്ങളായിരുന്നു. ഇന്ത്യൻ വംശജരായ അനിത ആനന്ദ്, കമൽ ഖേര എന്നിവരാണ് കാർണിയുടെ മന്ത്രിസഭയിൽ ഇടംപിടിച്ചത്. ഇന്നൊവേഷൻ, ശാസ്ത്രം, വ്യവസായം എന്നിവ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് 58 കാരിയായ അനിത ആനന്ദ്. 36കാരിയായ കമൽ ഖേര ആരോഗ്യവകുപ്പ് മന്ത്രിയാണ്.
സ്കൂൾ പഠനകാലത്തുതന്നെ കുടുംബത്തോടൊപ്പം കാനഡയിലേക്ക് താമസം മാറിയ കമൽ ഖേര ഡൽഹിയിലാണ് ജനിച്ചത്. ടൊറന്റോയിലെ യോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും സയൻസ് ബിരുദം നേടി. കാനഡ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിതകളിൽ ഒരാൾ കൂടിയാണ് കമൽ ഖേര. ബ്രാംപ്ടൺ വെസ്റ്റിൽ നിന്നുള്ള എംപിയായി 2015‑ലാണ് പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ അന്താരാഷ്ട്ര വികസന മന്ത്രിയുടെ പാർലമെന്ററി സെക്രട്ടറിയായും, ദേശീയ റവന്യു മന്ത്രിയുടെ പാർലമെന്ററി സെക്രട്ടറിയായും, ആരോഗ്യ മന്ത്രിയുടെ പാർലമെന്ററി സെക്രട്ടറിയായും കമൽ ഖേര സേവനമനുഷ്ഠിച്ചിട്ടുണ്ട്.