Site icon Janayugom Online

ഐസിസി ഏകദിന ടീമില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍

cricket

കഴിഞ്ഞ വര്‍ഷത്തെ താരങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച ഏകദിനടീമിനെ തിരഞ്ഞെടുത്ത് ഐസിസി. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ഐസിസി ഏകദിന ടീമില്‍ ഇടംപിടിച്ചത്. കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ തിളങ്ങിയ ബാറ്റര്‍ ശ്രേയസ് അയ്യരും പേസര്‍ മുഹമ്മദ് സിറാജുമാണ് ഐസിസി ഏകദിന ടീമിലെത്തിയ രണ്ട് ഇന്ത്യന്‍ താരങ്ങള്‍. പാക് താരം ബാബർ അസമിനെയാണ് ക്യാപ്റ്റനായി ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത്.

ബാബര്‍ അസമിനൊപ്പം ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡ് ആണ് ടീമിന്റെ ഓപ്പണര്‍. വെസ്റ്റിന്‍ഡീസ് താരം ഷായ് ഹോപ് ആണ് മൂന്നാം നമ്പറില്‍. വിക്കറ്റ് കീപ്പറായി ന്യൂസിലന്‍ഡിന്റെ ടോം ലാഥം ടീമിലിടം നേടി. ടി20 ടീമില്‍ ഇടം നേടിയ സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസ ഏകദിന ടീമിലും ഇടം നേടി. ബംഗ്ലാദേശിന്റെ മെഹ്ദി ഹസന്‍, വിന്‍ഡീസിന്റെ അല്‍സാരി ജോസഫ്, ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട്, ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപ എന്നിവരാണ് ഐസിസി ഏകദിന ടീമിലിടം നേടിയ മറ്റ് താരങ്ങള്‍. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്കും സ്റ്റാർ ബാറ്റർ വിരാട് കോലിക്കും ടീമിൽ ഇടം ലഭിച്ചിട്ടില്ല. 

കഴിഞ്ഞ വർഷം ഇന്ത്യക്കായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു ശ്രേയസ് അയ്യർ. കലണ്ടർ വർഷത്തിൽ 17 മത്സരങ്ങളിൽ നിന്ന് 55 ശരാശരിയിൽ 724 റൺസ് നേടി. ഒരു സെഞ്ചുറിയും ആറ് അർധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ വർഷം പാകിസ്ഥാൻ ഏകദിന ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ ബാബർ അവിസ്മരണീയനായിരുന്നു. മൂന്ന് ഏകദിന പരമ്പരകൾ പാകിസ്ഥാൻ സ്വന്തമാക്കി. ഓസ്ട്രേലിയയ്‌ക്കെതിരെ ഒമ്പത് ഏകദിനങ്ങളിൽ ഒരു മത്സരം മാത്രമാണ് പരാജയപ്പെട്ടത്. ക്യാപ്റ്റനെന്ന നിലയിലെ ഈ പ്രകടനമാണ് ബാബറെ ഐസിസി ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് എത്തിച്ചത്.

Eng­lish Summary:Two Indi­an play­ers in ICC ODI squad

You may also like this video

Exit mobile version