കാനഡയിലെ എഡ്മണ്ടിൽ രണ്ട് പഞ്ചാബി യുവാക്കൾ വെടിയേറ്റ് മരിച്ചു. കാനഡയിൽ പഠനത്തിനെത്തിയ മൻസ ജില്ലയിലെ ബുധ്‌ലഡ താലൂക്കിലെ ബറേഹ് സ്വദേശി ഗുർദീപ് സിങ് (27), ഉഡാത് സായിദ്‌വാല സ്വദേശി രൺവീർ സിങ് (18) എന്നിവരാണ് കൊല്ലപ്പെട്ടത്. ഡിസംബർ 14ന് പുലർച്ചെയായിരുന്നു സംഭവം. കൂട്ടുകാർക്കൊപ്പം സുഹൃത്തിന്റെ പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് ഇവർക്ക് വെടിയേറ്റത്. സംഭവസ്ഥലത്തെത്തിയ പൊലീസ് വിദ്യാർത്ഥികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും
ജീവന്‍ രക്ഷിക്കാനായില്ല. 32-ാം സ്ട്രീറ്റിനും 26-ാം അവന്യൂവിനും സമീപമുള്ള താമസസ്ഥലത്താണ് സംഭവം നടന്നതെന്ന് പോലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
കാനഡ പൊലീസ് ചില പഞ്ചാബി യുവാക്കളെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഗുർദീപ് പഠനം പൂർത്തിയാക്കി വർക്ക് പെർമിറ്റിനായി കാത്തിരിക്കുകയായിരുന്നു. രൺവീർ സിങ് വിദ്യാർഥിയാണ്.കാറിന് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. കൊലപാതകം യാദിർശ്ചികമല്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.
വെടിവയ്പ്പ് നടന്ന സമയത്ത് ആ പ്രദേശത്ത് കണ്ട ഇരുണ്ട നിറമുള്ള എസ് യു വിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് അന്വഷിക്കുന്നുണ്ട്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

