Site iconSite icon Janayugom Online

യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി

തിരുവനന്തപുരം: യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് റിനാഷ് എ, മുരളീധരൻ പി വി എന്നിവരുടെ വധശിക്ഷ നടപ്പാക്കിയതായി വിദേശകാര്യമന്ത്രാലയത്തെ യുഎഇ അറിയിച്ചു. 

വിവരം ഇവരുടെ കുടുംബത്തെ അറിയിച്ചെന്നും സംസ്കാരത്തിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍. രണ്ട് പേരെയും കൊലപാതക കുറ്റത്തിനാണ് വധശിക്ഷയ്ക്ക് വിധിച്ചത്. യുഎഇ പൗരനെ വധിച്ചെന്നായിരുന്നു മുഹമ്മദ് റിനാഷിനെതിരെയുള്ള കേസ്. മുരളീധരൻ ഇന്ത്യൻ പൗരനെ വധിച്ചതിനാണ് വിചാരണ നേരിട്ടത്. സാധ്യമായ എല്ലാ നിയമ സഹായവും നല്കിയിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.

സ്വന്തം ജീവൻ അപകടത്തിൽപ്പെടുമെന്ന അവസ്ഥയെ ചെറുക്കുന്നതിനിടെ മാനസിക വിഭ്രാന്തിയുള്ള അറബ് വംശജൻ കൊല്ലപ്പെട്ട സംഭവത്തിലാണ് തലശേരി നെട്ടൂര്‍ സ്വദേശിയായ മുഹമ്മദ് റിനാഷിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ദുബായ് അൽ ഐനിൽ ട്രാവൽ ഏജൻസിയിൽ ജോലിക്കാരനായിരുന്നു റിനാഷ്. ഏജൻസി ഉടമയായ അറബി ആവശ്യപ്പെട്ടതനുസരിച്ച് സാധനങ്ങൾ വാങ്ങി വീട്ടിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന മാനസിക വിഭ്രാന്തിയുള്ള ബന്ധു ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ടുള്ള ആക്രമണത്തിൽ മുറിവേറ്റ റിനാഷ് രക്ഷപ്പെടാൻ മൽപ്പിടിത്തം നടത്തുന്നതിനിടയിൽ അബദ്ധത്തിൽ കത്തി ശരീരത്തിൽ കുത്തിക്കയറിയാണ് യുഎഇ പൗരൻ മരിച്ചത്. വധശിക്ഷയിൽ നിന്ന് ഒഴിവാക്കികിട്ടാൻ ഇന്ത്യൻ എംബസി വഴി ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. 

ഫെബ്രുവരി 15ന് നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് യുപി സ്വദേശിനി ഷെഹ്സാദി ഖാന്റെ വധശിക്ഷ യുഎഇ നടപ്പാക്കിയിരുന്നു. എന്നാല്‍ ഫെബ്രുവരി 28നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്ത്യന്‍ എംബസിക്ക് ലഭിക്കുന്നത്. ഷഹസാദിയുടെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കണമെന്ന് വിദേശകാര്യമന്ത്രാലയം വഴി കുടുംബം യുഎഇയോട് ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്നലെ മരണാനന്തര ചടങ്ങുകള്‍ യുഎഇയില്‍ നടന്നു. 

വിദേശ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രാജ്യമാണ് യുഎഇ. യുഎഇയിൽ 29 ഇന്ത്യക്കാർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിഞ്ഞിരുന്നു. ആകെ 54 ഇന്ത്യക്കാര്‍ വിദേശ കോടതികൾ വധശിക്ഷ വിധിച്ച് ജയിലുകളില്‍ കഴിയുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. 

Exit mobile version