Site iconSite icon Janayugom Online

വിഷുക്കൈനീട്ടം; രണ്ടുമാസത്തെ ക്ഷേമപെൻഷൻ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും

വിഷു പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ തുകയായ 3200 രൂപ ഒരുമിച്ച് വിതരണം ചെയ്യും. പെന്‍ഷന്‍ വിതരണം പത്താം തീയതി മുതല്‍ ആരംഭിക്കും. 60 ലക്ഷത്തോളം പേർക്കുള്ള വിഷുക്കൈനീട്ടമാണിതെന്നും ഇതിനായി 1871 കോടി രൂപ അനുവദിച്ചെന്നും ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
വർഷാന്ത്യ ചെലവുകൾ വിജയകരമായി പൂർത്തീകരിച്ചതിനു തൊട്ടു പിന്നാലെ സാധാരണക്കാരായ ലക്ഷക്കണക്കിന് ജനങ്ങളിലേക്ക് രണ്ടുമാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ചെത്തിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുകയാണ് സർക്കാർ. 

കേന്ദ്രസർക്കാരിന്റെ കടുത്ത വിവേചനത്തിന്റെ ഭാഗമായി സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഘട്ടത്തിലും വർഷാന്ത്യ ചെലവുകൾക്കായി 22,000 കോടി രൂപ മാർച്ച് മാസത്തിൽ മാത്രം അനുവദിക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നു. ട്രഷറി അടച്ചുപൂട്ടുമെന്നും സംസ്ഥാനം ഓവർഡ്രാഫ്റ്റിലേക്ക് പോകുമെന്നും ശമ്പളവും പെൻഷനും ക്ഷേമ പെൻഷനുമുൾപ്പെടെ മുടങ്ങാൻ പോകുന്നു എന്നും പ്രചരിപ്പിച്ച ആളുകളെ നിരാശപ്പെടുത്തിക്കൊണ്ടാണ് ജനങ്ങളുടെ പിന്തുണയോടുകൂടി സർക്കാർ മുന്നോട്ടുപോകുന്നത്. 

സംസ്ഥാനത്തെ പലവിധത്തിൽ ബുദ്ധിമുട്ടിക്കാൻ കേന്ദ്രസർക്കാർ പരിശ്രമിക്കുമ്പോൾ മികച്ച ധന മാനേജ്മെന്റിലൂടെയും തനത് വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചും സംസ്ഥാനം അതിനെ നേരിടുകയാണെന്ന് ധനമന്ത്രി വ്യക്തമാക്കി. 

Eng­lish Sum­ma­ry; Two months wel­fare pen­sion will be dis­trib­uted from Monday
You may also like this video

Exit mobile version