Site icon Janayugom Online

രണ്ട് ജഡ്ജിമാരെക്കൂടി നിയമിച്ചു; സുപ്രീം കോടതിയിലെ അംഗബലം 34

സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരെ കൂടി നിയമിച്ചു. ഗുവാഹത്തി ഹൈകോടതി ചീഫ് ജസ്റ്റിസ് സുധാൻഷു ദുലിയ, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ജംഷദ് ബി പർഡിവാല എന്നിവരെയാണ് പുതുതായി നിയമിച്ചത്.

ചീഫ് ജസ്റ്റിസ് എൻവി രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയം ഇരുവരുടേയും പേര് ശുപാര്‍ശ ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് നിയമനം അംഗീകരിച്ച് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനമിറക്കിയത്. അടുത്തയാഴ്ച ഇരുവരും സത്യപ്രതിജ്ഞ ചെയ്യുന്നതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ അംഗസംഖ്യ 34 ആകും.

1960 ഓഗസ്റ്റ് 10നാണ് ജസ്റ്റിസ് ദുലിയയുടെ ജനനം. 1986ൽ അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകനായി. ഉത്തരാഖണ്ഡിൽ നിന്ന് സുപ്രീംകോടതിയിലെത്തുന്ന രണ്ടാമത്തെ ജഡ്ജിയാണ് ദുലിയ. ദേശീയ അവാർഡ് ജേതാവായ ചലച്ചിത്ര സംവിധായകനും നടനുമായ തിഗ്മാൻഷു ദുലിയയുടെ സഹോദരനാണ്. മൂന്ന് വർഷത്തിൽ കൂടുതൽ കാലാവധി ഉണ്ട്.

ജസ്റ്റിസ് എസ് അബ്ദുൽ നസീറിന് ശേഷം ന്യൂനപക്ഷ സമുദായത്തിൽ നിന്ന് സുപ്രീം കോടതിയിലെത്തുന്ന ആദ്യത്തെ ഹൈക്കോടതി ജഡ്ജിയും പാഴ്‌സി സമുദായത്തിൽ നിന്നുള്ള നാലാമത്തെ ജഡ്ജിയുമാണ് ജസ്റ്റിസ് പർഡിവാല.

1965 ഓഗസ്റ്റ് 12ന് ജനനം. 1990ൽ ഗുജറാത്ത് ഹൈക്കോടതിയിൽ അഭിഭാഷകവൃത്തി ആരംഭിച്ചു. രണ്ട് വർഷത്തിലധികം അദ്ദേഹത്തിന് സേവനകാലാവധിയുണ്ട്.

ഈ വർഷം ജനുവരി നാലിന് ജസ്റ്റിസ് ആർ സുഭാഷ് റെഡ്ഡി വിരമിച്ചതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ അംഗസംഖ്യ 32 ആയി കുറഞ്ഞിരുന്നു. ജസ്റ്റിസുമാരായ വിനീത് സരണ്‍, എല്‍ നഗേശ്വര റാവു, എന്നിവര്‍ രണ്ടു മാസത്തിനുള്ളില്‍ വിരമിക്കും. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍, ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, യുയു ലളിത് എന്നിവര്‍ വരുന്ന മാസങ്ങളിലായി വിരമിക്കും. ഇത് മുന്നില്‍ കണ്ടാണ് നിലവിലെ നിയമനം.

Eng­lish sum­ma­ry; Two more judges were appoint­ed; Mem­bers of the Supreme Court 34

You may also like this video;

Exit mobile version