Site iconSite icon Janayugom Online

രാജ്യത്ത് രണ്ട് പുതിയ കോവിഡ് വകഭേദങ്ങള്‍

രാജ്യത്ത് കോവിഡിന്റെ പുതിയ രണ്ട് വകഭേദങ്ങള്‍ കൂടി കണ്ടെത്തി. എന്‍ ബി. 1.8.1, എല്‍എഫ്.7 എന്നിവയാണ് പുതിയവകഭേദങ്ങള്‍. ഏപ്രിലില്‍ തമിഴ്‌നാട്ടില്‍ എന്‍ബി. 1.8 വകഭേദത്തില്‍ ഒരു കേസും മേയ് മാസത്തില്‍ ഗുജറാത്തില്‍ എല്‍എഫ്.7ന്റെ നാല് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് രണ്ട് വകഭേദങ്ങളും അപകടകാരികളല്ല. എന്നാല്‍ ചൈനയിലും ഏഷ്യയുടെ വിവിധ ഭാഗങ്ങളിലും കോവി‍ഡ് വ്യാപനത്തിന് കാരണമാകുന്നത് ഈ വകഭേദങ്ങളാണ്. ഇന്ത്യയില്‍ പരിശോധിക്കപ്പെട്ടതില്‍ 50 ശതമാനവും സാധാരണ കോവിഡ് 19 വകഭേദമായ ജെ. എന്‍ 1 ആണ്. ബിഎ.2 26 ശതമാനവും മറ്റ് ഒമിക്രോണ്‍ ഉപവംശങ്ങള്‍ 20 ശതമാനവുമുണ്ട്. ഡല്‍ഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളില്‍ നിന്ന് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 23 കേസുകളും ആന്ധ്രാപ്രദേശില്‍ നാലും തെലങ്കാനയില്‍ ഒരു കേസ് വീതവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ താനെയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മേയ് 19 വരെ രാജ്യത്ത് 257 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. മേയ് മാസത്തില്‍ മാത്രം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 273 കേസുകളാണ്.ജെഎൻ.1 വകഭേദം തെക്കൻ ഏഷ്യന്‍ രാജ്യങ്ങളിലെല്ലാം കോവിഡ് കേസുകള്‍ ഉയരുന്നതിന് കാരണമായിട്ടുണ്ട്. ഈ വകഭേദവും അപകടകരമല്ലെന്നാണ് ലോകാരാഗ്യസംഘടനയുടെ അഭിപ്രായം.
പനി, മൂക്കടപ്പ്, തൊണ്ടവേദന, തലവേദന തുടങ്ങിയ ചെറിയ ലക്ഷണങ്ങളാണ് ഇതിനുള്ളത്. സാധാരണനിലയിൽ നാല് ദിവസംകൊണ്ട് രോഗം ഭേദമാകുന്നുണ്ട്. ഡൽഹി, കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

Exit mobile version