Site iconSite icon Janayugom Online

ഹനുമാന്‍ കുരങ്ങുകളില്‍ രണ്ടെണ്ണം തിരികെ കൂട്ടില്‍

ഒരു രാത്രിയും പകലും അധികൃതരെ വട്ടം ചുറ്റിച്ച ഹനുമാന്‍ കുരങ്ങുകളെ പിടികൂടി. കൂട്ടില്‍ നിന്ന് പുറത്തു ചാടിയ മൂന്ന് പെണ്‍ ഹനുമാന്‍ കുരങ്ങുകളില്‍ രണ്ടെണ്ണത്തിനെയാണ് ഇന്ന് പിടികൂടിയത്. കുരങ്ങുകളെ പിടികൂടാന്‍ ഭക്ഷണം വച്ച്‌ അധികൃതർ കെണിയൊരുക്കിയിരുന്നു. തുടര്‍ന്ന് വൈകിട്ട്‌ നാലോടെ ഭക്ഷണം കഴിക്കാന്‍ താഴെ ഇറങ്ങിയപ്പോളാണ്‌ ഒന്നിനെ പിടികൂടിയത്‌. മറ്റൊരു കുരങ്ങിനെ കീപ്പർ മരത്തിൽ കയറി പിടിക്കുകയായിരുന്നു. ബാക്കിയുള്ള ഒരെണ്ണം മരത്തിന്റെ ഉയരമുള്ള കൊമ്പിൽ ഇരിപ്പുറപ്പിച്ചിരിക്കുകയാണ്. താമസിയാതെ ഈ കുരങ്ങും കൂട്ടിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു. താഴത്തെ കൊമ്പിലേക്ക്‌ ഇറങ്ങിയാൽ പിടികൂടാന്‍ കീപ്പർമാർ സജ്ജരാണ്‌.
ഇന്ന് അവധി ആയതിനാല്‍ കുരങ്ങുകളെ തിരികെ കൂട്ടിലേക്ക് കയറ്റുന്ന ശ്രമങ്ങള്‍ക്ക് സഹായകമായി. തിരക്കും ബഹളവും ഇല്ലാത്തതിനാലാണ്‌ മൃഗശാലവളപ്പിൽ നിന്ന്‌ കുരങ്ങുകള്‍ മറ്റിടങ്ങളിലേക്ക്‌ ചാടി പോകാഞ്ഞതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. പിടികൂടിയ രണ്ട് കുരങ്ങുകളെയും തുറന്ന കൂട്ടിൽ തന്നെയാണ്‌ പാര്‍പ്പിച്ചിട്ടുള്ളത്. കൂടിനുള്ളിൽ കൃത്രിമമായ ആവാസവ്യവസ്ഥ സൃഷ്ടിച്ചാണ്‌ കുരങ്ങുകളെ പാർപ്പിച്ചിരിക്കുന്നത്‌. പുറത്തേക്ക്‌ ചാടാതിരിക്കാൻ കൂടിന്‌ സമീപത്തെ ഉയരം കൂടിയ മരച്ചില്ലകൾ വെട്ടിമാറ്റിയിരുന്നു. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്ന് കൊണ്ടുവന്ന രണ്ട്‌ കുരങ്ങും ഹരിയാനയിലെ റോഹ്താക്ക് മൃഗശാലയിൽ നിന്ന് എത്തിച്ച ഒരു പെൺ ഹനുമാൻ കുരങ്ങുമുൾപ്പടെ മൂന്നുപേരാണ്‌ തിങ്കളാഴ്‌ച പുറത്തുചാടിയത്‌. കുരങ്ങുകളെ തിരികെ കൂട്ടിലേക്ക് കയറ്റുന്ന ശ്രമങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ന് മൃഗശാലയ്ക്ക് അവധിയായിരുന്നു. രണ്ട് കുരങ്ങുകളെ പിടിച്ചതിനാല്‍ നാളെ മൃഗശാലയ്ക്ക് അവധി ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.

Exit mobile version