രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നുവീണ് രണ്ടുപേര്‍ക്ക് പരിക്ക്. ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിൽ വീണ് ജർമ്മൻ പൗരനും ട്രെയിനിന്റെ വാതിലിൽ നിന്ന് യാത്ര ചെയ്യുന്നതിനിടയില്‍ കാല്‍വഴുതി വീണ് യുവാവിനും പരിക്കേറ്റു. ജർമ്മനിയിലെ വീസ്ബാഡൻ സ്വദേശിയായ ഹെറാൾഡിന് (71) ആണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10.30 നായിരുന്നു സംഭവം. കൊല്ലത്ത് നിന്ന് വർക്കലയിലേക്ക് പോകാനായി ടിക്കറ്റ് എടുത്ത ഹെറാൾഡ് ട്രെയിൻമാറി എറണാകുളം വഴി പോകുന്ന നേത്രാവതി എക്സ്പ്രസിൽ കയറുകയായിരുന്നു.
ട്രെയിൻ മുന്നോട്ട് നീങ്ങിതുടങ്ങിയപ്പോഴാണ് ട്രെയിൻ മാറിയത് മനസിലായത്. പരിഭ്രാന്തനായ ഇയാള്‍ ഉടൻ തന്നെ പ്ലാറ്റ്ഫോമിലേക്ക് ചാടുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കും ഇടുപ്പിനും പരിക്കേറ്റ ഹെറാൾഡിനെ ആർപിഎഫ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി ജില്ലാശുപത്രിയിൽ എത്തിച്ചു. പിന്നീട് തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. എറണാകുളത്തുനിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ വാതിലിൽ നിന്ന് യാത്ര ചെയ്യുമ്പോൾ അബദ്ധത്തിൽ കാൽവഴുതി വെളിയിലേക്ക് വീണ് കല്ലുവാതുക്കൽ ചരുവിള പുത്തൻവീട്ടിൽ ശരത്തിന് (27) ആണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് 1.30ന് ഫാത്തിമ മാതാ കോളജിന് സമീപത്തായിരുന്നു സംഭവം. തലയ്ക്ക് പരിക്കേറ്റ ശരത്തിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി വിട്ടയച്ചു. പരിക്ക് സാരമുള്ളതല്ല.